കൊറോണ വൈറസ്: ഓസ്ട്രേലിയയിൽ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Jan 25, 2020, 10:49 AM IST
Highlights

കൊറോണ വൈറസ് രോ​ഗ ലക്ഷണങ്ങളോടെ ചൈനയിലെ ഗ്വാങ്‌ഷ്വ വിമാനത്താവളത്തിൽനിന്നെത്തിയ ഇയാളെ മെൽബണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് വിക്ടോറിയ ആരോഗ്യമന്ത്രി ജെന്നി മിക്കാക്കോസ് പറഞ്ഞു. 

കാൻബേറ: മരണ ഭീതി പരത്തി ലോകത്ത് പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി. ഇതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന് സമീപമുള്ള ഹുബെ പ്രവിശ്യയിലേക്കുള്ള സന്ദർശനം പൂർണ്ണമായും നിർത്തണമെന്ന് ജനങ്ങൾക്ക് സർക്കാർ‌ നിർദ്ദേശം നൽകി.

ചൈനീസ് സ്വദേശിയായ അമ്പതുകാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി 19ന് ചൈനയിലെ വുഹാനിൽ നിന്നെത്തിയതാണ് ഇയാൾ. കൊറോണ വൈറസ് രോ​ഗ ലക്ഷണങ്ങളോടെ ചൈനയിലെ ഗ്വാങ്‌ഷ്വ വിമാനത്താവളത്തിൽനിന്നെത്തിയ ഇയാളെ മെൽബണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് വിക്ടോറിയ ആരോഗ്യമന്ത്രി ജെന്നി മിക്കാക്കോസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് പിടിപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. 1300ലധികം ആളുകൾക്ക് രോ​ഗം പകർന്നതായും റിപ്പോർട്ടുകളുണ്ട്. വുഹാനിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. കൊറോണ വൈറസ് പടർന്നതോടെ വുഹാൻ അടച്ചിട്ടിരിക്കുയാണ്. ട്രെയിൻ-വിമാന സർവീസുകളും ഉൾപ്പടെ പൊതു​ഗതാ​ഗത സംവിധാനങ്ങളും നിർത്തിവച്ചു.

ചൈനയിൽ നിന്നെത്തുന്നവരുടെ ഇഷ്ട സ്ഥലമാണ് ഓസ്ട്രേലിയ. കഴിഞ്ഞ വർഷം ഏകദേശം 1.4 മില്ല്യൺ ജനങ്ങൾ ചൈനയിൽനിന്ന് ഓസ്ട്രേലിയ സന്ദർ‌ശിക്കാനെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.   

click me!