
ഹുബൈ: ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്‍റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊറോണയ്ക്കെതിരെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവിശ്യ തലവന്‍ കൂടിയായ യാങ് ഷവോലിയാംഗിന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രവിശ്യയുടെ തലവനായി ഷാങ്ഹായി മേയറായിരുന്ന യിംങ് യോംങിനെ നിയമിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഹുബൈ പ്രവശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. കൊറോണയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെയാണ്. ഇതാണ് പ്രവിശ്യ തലവനെതിരെ അടിയന്തര നടപടിയെടുക്കാന്‍ പാര്‍ട്ടി-ഭരണ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
അതേസമയം കൊറോണ ബാധയിൽ ചൈനയിൽ മരണം 1335 ആയിട്ടുണ്ട്. 14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു.
അതിനിടെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam