കൊവിഡ് സ്ഥിരീകരിച്ചത് 100 ല്‍ അധികം രാജ്യങ്ങളിൽ; ഇറ്റലിയിൽ ഇന്നലെ മാത്രം 133 മരണം

By Web TeamFirst Published Mar 9, 2020, 6:47 AM IST
Highlights

ലോകമാകെയുള്ള കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി ആറായിരം കടന്നു. ഇറാനിൽ മരണസംഖ്യ 194 ആയി. ഇന്നലെ മാത്രം മരിച്ചത് 49 പേ‍ർ. ഫ്രാൻസിൽ 3 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 19 ആയി.

ഇറ്റലി: ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊവിഡ് 19 വൈറസ് ബാധ നൂറിലധില്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. രോഗബാധയിൽ ഇറ്റലിയിൽ മരണം 366 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 കൊവിഡ് 19 വൈറസ് ബാധിതരാണ് ഇറ്റലിയിൽ മരിച്ചത്. ഇന്നലെ 1247 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 7325 പേർക്ക് ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും തിരക്കുള്ള വാണിജ്യ വ്യവസായ മേഖലയായ ലൊമ്പാർഡിയും സമീപത്തുള്ള 14 പ്രവിശ്യകളും ഏപ്രിൽ 3 വരെ അടച്ചതായി സർക്കാർ അറിയിച്ചു. ഒന്നരക്കോടിയിലധികം പേർ നിരീക്ഷണത്തിലുണ്ട്. ആകെ ജനസംഖ്യയുടെ കാൽ ഭാഗത്തോളം വരും ഇത്.

ലോകമാകെയുള്ള കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി ആറായിരം കടന്നു. ഇറാനിൽ മരണസംഖ്യ 194 ആയി. ഇന്നലെ മാത്രം മരിച്ചത് 49 പേ‍ർ. ഫ്രാൻസിൽ 3 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 19 ആയി. യുകെയിലും സ്വിറ്റ്സർലണ്ടിലും ഹോങ്കോംഗിലും ഒരാൾ വീതവും നെതർലണ്ട്സിൽ രണ്ടുപേരും മരിച്ചു. തെക്കൻ കൊറിയയിൽ 7134 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ മരണം 21 ആയി. അഞ്ഞൂറിലേറെപ്പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂയോർക്കിന് പുറമേ ഒറിഗോൺ സംസ്ഥാനത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

സംസ്ഥാനത്ത് വീണ്ടും രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കേരളത്തിലുള്ളത്. കൊവിഡ് 19 രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിൾ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലർത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമിക പട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. ഇവർ സന്ദർശിച്ച ആളുകൾ ആരൊക്കെ ആയി ഇടപഴകി എന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. 

Also Read: കൊവിഡ് ജാഗ്രതയിൽ കേരളം: പത്തനംതിട്ടയിൽ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധനാഫലം ഇന്നറിയാം

click me!