പത്തനംതിട്ട: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. കൊവിഡ് 19 രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിൾ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലർത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമിക പട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. ഇവർ സന്ദർശിച്ച ആളുകൾ ആരൊക്കെ ആയി ഇടപഴകി എന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. 

പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 3000 പേരുമായി റാന്നി സ്വദേശികളായ ദമ്പതികളും മകനും അടുത്തിടപഴകി എന്നാണ് നിഗമനം. രോഗ ലക്ഷണങ്ങളുള്ളവർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. മതപരമായ ആചാരങ്ങൾ മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Also Read: കൊവിഡ് 19: അതീവ ജാഗ്രത, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

അതേസമയം, കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കൊല്ലത്ത് അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ട് പേരെയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 

Also Read: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവര്‍

പത്തനംതിട്ടയിൽ 5 കൺട്രോൾ റൂമുകൾ

കൊവിഡ് 19 രോഗലക്ഷണങ്ങളുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പനി, ചുമ, ശ്വാസതടസ്സം ഉള്ളവർ ബന്ധപ്പെടണം. പത്തനംതിട്ട കണ്‍ട്രോൾ റൂം നമ്പർ: 0468-22 28 220.