
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിൽ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിലേറെയായി. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടും ചൈനയിൽ അപകടകരമായ രീതിയിൽ പടരുകയാണ് കൊറോണ.
ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോർട്ട്. സർക്കാർ പുറത്തുവിടുന്ന കണക്കുകളനുസരിച്ച് മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിൽ ഏറെയായി. ഇവരിൽ പലരുടേയും നില മോശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
ഇതോടെ ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ചൈനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂടുതൽ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.
ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈത്തും വിലക്കേർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശം മറികടന്നാണ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെുവരുന്നത്. ചൈനയുമായുള്ള അതിർത്തി അടയ്ക്കണണെന്നാവശ്യപ്പെട്ട് ഹോങ്കോങിലെ ഡോക്ടർമാരിൽ നല്ലൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
അതിർത്തികൾ അടയ്ക്കാതെ സ്കാനർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ലോക ആരോഗ്യ സംഘടന വീണ്ടും നിർദേശിച്ചു. ഇതിനിടെ, അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam