
ബെയ്ജിംഗ്: കൊറോണ ബാധയിലായി ചൈനയ്ക്ക് തിരിച്ചടിയായി പക്ഷിപ്പനിയും പടരുന്നു എന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. എച്ച്5എൻ1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
അതേസമയം, ഇതുവരെ മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ലെന്നാണ് വിവരം. 7,850 കോഴികൾ ഉള്ള പൗൾട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. 4,500ലേറെ പക്ഷികൾ ചത്തിട്ടുണ്ടെന്നും ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതർ അറിയിച്ചു.
വുഹാൻ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ ഹുബെയ് പ്രവിശ്യയുടെ അയൽപ്രദേശമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച ഹുനാൻ പ്രവിശ്യ.
അതേ സമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 46 പേർകൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 259 ആയി. ചൈനയില്‍ വെള്ളിയാഴ്ച പുതിയതായി 2,102 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് വെള്ളിയാഴ്ച കൊറോണ വൈറസ് ബാധമൂലം 45 പേർ മരിച്ചത്. ഇതോടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 249 ആയി. 1,347 പേർക്കുകൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബെയിൽ മാത്രം മൊത്തം 7,153 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam