ലോകത്തെ പിടിച്ചുലച്ച് കൊറോണ; മരിച്ചവരുടെ എണ്ണം 258 ആയി

By Web TeamFirst Published Feb 1, 2020, 6:46 AM IST
Highlights

ലോകമെമ്പാടുമായി 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകൾക്കാണ് നിലവിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 75,000 കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടൽ

ദില്ലി: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി.ഇന്നലെ മാത്രം 45 പേർ മരിച്ചതായാണ് വിവരം. ലോകമെമ്പാടുമായി 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകൾക്കാണ് നിലവിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 75,000 കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടൽ.

ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. അടുത്ത കാലത്ത് ചൈന സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് അടക്കം അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകൾ പൂട്ടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  

ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം അറിയിച്ചിരുന്നു. സ്പെയിനിലും യുകെയിലും അടക്കം കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ യുറോപ്പിലും അതീവ ജാഗ്രതയാണ് തുടരുന്നത്.

2003ൽ രണ്ട് ഡസനിലധികം രാജ്യങ്ങളിൽ പടർന്ന് പിടിച്ച സാർസിനെക്കാൾ ഭീകരമാണ് കൊറോണ ബാധയെന്നാണ് വിലയിരുത്തൽ. 8,100 സാർസ് കേസുകളായിരുന്നു 2003ൽ റിപ്പോർട്ട് ചെയ്തിരുന്നത്. സാർസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 774 ആയിരുന്നു. 

click me!