പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനുള്ള ഉപഭോക്താക്കൾക്ക് ഇനി എൽപിജി സിലിണ്ടർ ലഭിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ ഇരട്ട കണക്ഷനുള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും പുതിയ നിയമം നിർദ്ദേശിക്കുന്നു. പാചകവാതക പ്രതിസന്ധി ലഘൂകരിക്കാനാണ് ഈ നടപടി

ദില്ലി: പൈപ്പ്ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാൻ പെട്രോളിയം മന്ത്രാലയത്തിന്‍റെ നടപടി. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി എൻ ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ എൽ പി ജി സിലിണ്ടറുകൾ നൽകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. ഒരേസമയം രണ്ട് ഗ്യാസ് കണക്ഷനുകൾ കൈവശം വെക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളിൽ പുതിയ എൽ പി ജി കണക്ഷനുകൾ അനുവദിക്കില്ലെന്നും, നിലവിൽ ഇത്തരം ഇരട്ട കണക്ഷനുകൾ ഉള്ളവർ ഉടൻ തന്നെ എൽ പി ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

93000 മെട്രിക് ടൺ എൽപിജിയുമായി ശിവാലികും നന്ദ ദേവിയും എത്തുന്നു

അതിനിടെ 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്‍റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ പി ജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു. ശിവാലിക്, നന്ദ ദേവി എന്നീ ടാങ്കറുകൾ ഇന്നലെ അർധ രാത്രിക്ക് ശേഷം ഹോർമുസ് കടന്നു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കടൽ മൈനുകൾ അടക്കം നീക്കാൻ ഇറാൻ സഹകരിച്ചെന്നാണ് സൂചന. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽ പി ജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുത് എന്ന നിർദ്ദേശം കേന്ദ്രം വീണ്ടും നൽകി. പരിഭ്രാന്തി പരത്താനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.