ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന

By Web TeamFirst Published Aug 13, 2020, 10:59 AM IST
Highlights

എന്‍ഹുയി പ്രവിശ്യയിലുളള വുഹു നഗരത്തിലെ ഭക്ഷണശാലയിലേക്ക് എത്തിച്ചതായിരുന്നു ഈ ചെമ്മീന്‍. ജൂലൈ  മാസത്തില്‍  സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

വുഹു(ചൈന): ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ നോവല്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലെ പരിശോധനയ്ക്ക് ഇടയിലാണ് ഇക്വഡോറില്‍ നിന്നെത്തിച്ച ശീതീകരിച്ച ചെമ്മീന്‍ പൊതിയില്‍ നോവല്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമം സിസിടിവി അവകാശപ്പെട്ടത്. ബുധനാഴ്ചയാണ് ചൈന ഈ അവകാശവാദം നടത്തിയിട്ടുള്ളതെന്നാണ് ദി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്‍ഹുയി പ്രവിശ്യയിലുളള വുഹു നഗരത്തിലെ ഭക്ഷണശാലയിലേക്ക് എത്തിച്ചതായിരുന്നു ഈ ചെമ്മീന്‍. ചൈനയിലെ ഷാ്ഗ്ടോങ് പ്രവിശ്യയിലെ തുറമുഖ നഗരത്തില്‍ ശീതീകരിച്ച ഭക്ഷണ വസ്തുക്കളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കടല്‍ വിഭവങ്ങളുടെ ഈ പാക്കേജ് എവിടെ നിന്നുള്ളതാണെന്ന് ചൈന വ്യക്തമാക്കിയിരുന്നില്ല. ജൂലൈ  മാസത്തില്‍  സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

ഇറക്കുമതി നടത്തിയ കടല്‍ വിഭവങ്ങള്‍ വുഹുവിലെ ഭക്ഷണശാലയിലെ ഫ്രീസറിലായിരുന്നു സൂക്ഷിച്ചിരുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ വസ്തുക്കളും ആരോഗ്യവകുപ്പ് സീല്‍ ചെയ്തു. ഭക്ഷണശാലയിലെ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ആരോഗ്യ വകുപ്പ് ഇവിടെ എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇക്വഡോറിലെ മൊത്ത വ്യാപാരിയില്‍ നിന്നായിരുന്നു ചെമ്മീനെത്തിച്ചിരുന്നതെന്നാണ് ചൈന വിശദമാക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വുഹാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്നായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണ് വിലയിരുത്തുന്നത്. ഇതിന് പിന്നാലെയാണ് കടല്‍ വിഭവങ്ങള്‍, മാംസം തുടങ്ങിയവയുടെ കര്‍ശന പരിശോധന ചൈനയില്‍ ശക്തമാക്കിയത്. ഷിപ്പിംഗ് പ്രോട്ടോകകോള്‍ കൂടുതല്‍ കര്‍ശനമായി പാലിച്ചാല്‍ ഇറക്കുമതി പുനരാരംഭിക്കാമെന്നാണ് ചൈനയുടെ നിലപാടെന്ന് ഇക്വഡോറിലെ അധികൃതര്‍ വിശദമാക്കിയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

click me!