ഡെലവർ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. പ്രസിഡന്‍റ് സ്ഥാനാർത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലാണ് കമല ട്രംപിനെതിരെ ആഞ്ഞടിച്ചത്. ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല പറഞ്ഞു. ''ശല്യക്കാരിയായ സെനറ്ററാണ് കമല'', എന്ന് ട്രംപ് ആക്ഷേപിച്ചതിന് മറുപടി കൂടിയാണിത്.
ജോ ബൈഡന്‍റെ സ്വന്തം നാടായ ഡെലവറിലെ വിൽമിംഗ്‍ടണിലായിരുന്നു കമലാഹാരിസുമൊത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ആദ്യത്തെ പ്രചാരണപരിപാടി. വ്യാഴാഴ്ച തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ജോ ബൈഡൻ കമലയെ നാമനിർദേശം ചെയ്തപ്പോൾ അത് ചരിത്രത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി. അമേരിക്കയുടെ ചരിത്രത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും, ആഫ്രിക്കൻ വനിതയുമാണ് കമലാ ഹാരിസ്.
കമലയുടെ അച്ഛൻ ജമൈക്കൻ സ്വദേശിയായിരുന്ന ഡോണൾഡ് ഹാരിസാണ്. അമ്മ ചെന്നൈയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലൻ ഹാരിസ്. എറിക് ഗാർനറെന്ന കറുത്ത വർഗക്കാരനെ ശ്വാസംമുട്ടിച്ചുകൊന്ന പൊലീസിനെതിരെ അമേരിക്കയിലെമ്പാടും പ്രതിഷേധം അലയടിക്കുകയും, ബ്ലാക്ക് ലൈവ്‍സ് മാറ്റർ എന്ന വൻപ്രക്ഷോഭം അരങ്ങേറുകയും ചെയ്ത അമേരിക്കയിൽ കമലാഹാരിസിന്‍റെ സ്ഥാനാർത്ഥിത്വത്തിനും ചരിത്രപ്രാധാന്യമുണ്ട്. വിജയിച്ചാൽ അത് ഇന്ത്യയ്ക്കും അഭിമാനനിമിഷമാകും.
കൊവിഡ് പ്രതിരോധം ഉയർത്തിക്കാട്ടിയാണ് കമലാഹാരിസ് ട്രംപിനെതിരെ ആഞ്ഞടിക്കുന്നത്. എബോള രോഗബാധയുണ്ടായപ്പോൾ, മരിച്ചത് വെറും രണ്ട് അമേരിക്കക്കാർ മാത്രമായിരുന്നുവെന്നും, അന്ന് പ്രസിഡന്‍റായിരുന്നത് ഒബാമയും വൈസ് പ്രസിഡന്‍റ് ബൈഡനുമായിരുന്നുവെന്ന് കമല ഓർമിപ്പിക്കുന്നു. കൊവിഡ് കാലത്ത് സാമ്പത്തികരംഗത്തെ അമേരിക്കയുടെ നിലനിൽപ്പ് ട്രംപ് താളം തെറ്റിച്ചെന്നും കമല.
''അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപരിഷ്കരണനടപടികളാണ് ഒബാമ, ബൈഡൻ ഭരണകാലത്തുണ്ടായത്. അത് ട്രംപിന്‍റെ കാലത്ത് നിലംപൊത്തി. സ്വന്തം ജോലി ചെയ്യാനറിയാത്തയാളെ ഈ പണി ഏൽപിച്ചാൽ ഇങ്ങനെയുണ്ടാകും. അമേരിക്കയുടെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ്'', എന്ന് കമല ആഞ്ഞടിക്കുന്നു.
നാനാത്വത്തിൽ താൻ ഉറച്ചുവിശ്വസിക്കുന്നുവെന്ന സന്ദേശം നൽകുക കൂടി ലക്ഷ്യമിട്ടാണ് കമലാഹാരിസിനെ ബൈഡൻ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ചില ആശയപരമായ ചോദ്യങ്ങൾക്ക് കൂടി അമേരിക്കൻ ജനത മറുപടി പറയേണ്ടി വരുമെന്ന് ബൈഡൻ പറയുന്നു.
''ആരാണ് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ? നമ്മളെന്തിന് വേണ്ടിയാണ് നിലനിൽക്കുന്നത്? ഏറ്റവും പ്രധാനം, നമ്മളെന്താകണമെന്നാണ് ആഗ്രഹിക്കുന്നത്'', ബൈഡൻ ചോദിക്കുന്നു.
ഡെമോക്രാറ്റ് പാർട്ടി എങ്ങനെയാകും ട്രംപിനെതിരായ ആക്രമണങ്ങളുമായി മുന്നോട്ടുപോകുക എന്നതിന്‍റെ ചൂണ്ടുപലകയായി ഡെലവറിലെ ആദ്യപ്രചാരണപരിപാടി. നവംബറിലാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടേണ്ടി വരുമെന്ന സൂചന ട്രംപ് നൽകുമ്പോൾ ഡെമോക്രാറ്റ് പാർട്ടി അതിനെതിരെ ശക്തമായി രംഗത്തുവരുന്നുമുണ്ട്. ലോകത്ത് ഇപ്പോഴും ഏറ്റവുമധികം രോഗികളുള്ള രാജ്യമാണ് അമേരിക്ക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam