കൊറോണ ജാഗ്രതയിൽ ലോകം; മരണം 170 ആയി, ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

By Web TeamFirst Published Jan 30, 2020, 5:40 AM IST
Highlights

ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച ഈ പകർച്ചവ്യാധിയുടെ വ്യാപനം അതീവഗൗരവമുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി രോഗം സ്ഥിരീകരിച്ചു.

ജനീവ: കൊറൊണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം.

കൊറോണ വൈറസ് ബാധ ഉയർത്തുന്ന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച ലോകാരോഗ്യ സംഘടന പ്രത്യേകയോഗം ചേർന്നിരുന്നു. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച ഈ പകർച്ചവ്യാധിയുടെ വ്യാപനം അതീവഗൗരവമുള്ളതാണെന്നാണ് നിരീക്ഷണം. ഇതിനോടകം ചൈനയെ കൂടാതെ തായ്ലന്റ്, ഫ്രാൻസ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 130 പേർ മരിക്കുകയും, ആറായിരത്തോളം പേർ അസുഖബാധിതരുമായിട്ടുണ്ട്. വിദഗ്ധ ചികിത്സയിലൂടെ നിരവധി പേർ രോഗശാന്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്താത്തിത് സ്ഥിതിഗതികൾ കൂടുതൽ വശളാക്കുന്നെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.

ഡോ. റയന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ചൈനയിലേക്കയക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞൻമാർ കോറോണ വൈറസിനെ പുനർ സൃഷ്ടിക്കുന്നതിൽ വിജയിച്ചത് ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പുത്തനുണർവ് നൽകുന്നുണ്ടെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗബ്രിയേസസ് ചൈനയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. രോഗബാധിതരായ 20 ശതമാനം പേരിൽ മാത്രമാണ് അതീവഗുരുതരാവസ്ഥയിലുളളതെന്ന് ടെഡ്രോസ് പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും ചൈനയോടൊപ്പം നിൽക്കണമെന്നും കഴിയാവുന്ന സഹായം ചെയ്യണമെന്നും ടെഡ്രോസ് അഭ്യർത്ഥിച്ചു.

വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടി. കൊറോണ വൈറസിന്റെ ജനിതക ഘടന റഷ്യക്ക് കൈമാറി. രോഗം ബാധിച്ച 1239 പേർ ഗുരുതരാവസ്ഥയിലാണ്. 9239 പേർക്ക് രോഗബാധ സംശയിക്കുന്നതായും ചൈനീസ് നാഷനൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. വുഹാനുൾപ്പെടെ 20 നഗരങ്ങളിലെ ആളുകൾക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

click me!