
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചര ലക്ഷം കടന്നു. ഇതിനകം 177,459 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലിപ്പോൾ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം വൈറസ് ബാധിതരുണ്ട്. അതേസമയം ഇറ്റലിയിലും സ്പെയിനിലും കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്.
ഇതിനിടെ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 250 ദശലക്ഷമായി ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
അതേസമയം, കൊറോണ വൈറസ് ലാബിൽ നിന്ന് പുറത്തുവന്നതാണെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസിലാകുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണ് വൈറസ് മനുഷ്യനെ ബാധിച്ചത് എന്നാണ് മനസിലാക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന വക്താവ് ഫദേല ചായിബ് പറഞ്ഞു. കൊവിഡിന് കാരണമായ വൈറസിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ ഇപ്പോൾ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കില്ല. എന്നാൽ ഇത് ലാബിൽ നിർമ്മിച്ചതല്ല എന്ന് തന്നെയാണ് നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും അവർ പറഞ്ഞു. ആളുകൾ വസ്തുതകളിലാണ്, വ്യാജ സിദ്ധാന്തങ്ങളിലല്ല ശ്രദ്ധിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ചൈനയിലെ ലാബിൽ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന് കരുതുന്നതായും ഇക്കാര്യം അന്വേഷിക്കുകയാണെന്നും നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam