അമേരിക്കയില്‍ മരണമാരിയായി കൊവിഡ്; 24 മണിക്കൂറില്‍ 1100 ലേറെ മരണം, ലോകത്ത് മരണസംഖ്യ ഒന്നേമുക്കാല്‍ ലക്ഷം കടന്നു

By Web TeamFirst Published Apr 22, 2020, 12:06 AM IST
Highlights
  • യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്
  • ഇന്ന് ഇതുവരെ 828 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
  • മൊത്തം മരണസംഖ്യ പതിനേഴായിരം കടക്കുകയും ചെയ്തു
  • നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്
  • മൊത്തം രോഗികളുടെ എണ്ണമാകട്ടെ 129044 ആയിട്ടുണ്ട്

മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൊവ്വാഴ്‍ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 175412 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 5015 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തയഞ്ച് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ആറ് ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം. ആയിരത്തി ഒരുന്നൂറിലധികം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 12 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1149 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്തിമൂവായിരം പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 828 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനേഴായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 129044 ആയിട്ടുണ്ട്.

അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 534 മരണങ്ങളാണ് 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 24648 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. സ്പെയിനില്‍ 430 മരണങ്ങളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 21282 ആയിട്ടുണ്ട്. ഫ്രാന്‍സിലാകട്ടെ ഇന്ന് 531 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 20796 ആയിട്ടുണ്ട്. ബെല്‍ജിയത്തിലാകട്ടെ 170 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ ആറായിരത്തോളമായിട്ടുണ്ട്. തുര്‍ക്കി, കാനഡ, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മാത്രം നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം


കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!