കൊവിഡ് 19; ഇസ്രായേലില്‍ ഇന്ത്യന്‍ വംശജന് നേരെ വംശീയാധിക്ഷേപം, ചൈനക്കാരനെന്ന് വിളിച്ച് ആക്രമിച്ചു

By Web TeamFirst Published Mar 17, 2020, 9:14 AM IST
Highlights

താന്‍ ചൈനക്കാരനല്ലെന്നും തനിക്ക് കൊവിഡ് 19 ഇല്ലെന്നും പലതവണ അവരോട് പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന്...

ജറുസലേം: ചൈനക്കാരനെന്ന് വിളിച്ചും കൊവിഡ് എന്ന് ആരോപിച്ചും ഇസ്രായേലില്‍ ഇന്ത്യന്‍ വംശജന് നേരെ ആക്രമണം. രണ്ട് പേര്‍ ചേര്‍ന്നാണ് ജൂതനായ 28കാരന്‍ ആം ഷലേം സിംഗ്‌സനിനെ ആക്രമിച്ചത്. ഇസ്രേയലിലെ ടിബെറിസ് നഗരത്തിലാണ് കൊവിഡ് 19 ന്റെ പേരില്‍ വംശീയാധിക്ഷേപം നടന്നത്.

മണിപ്പൂരില്‍നിന്നുള്ള ബനേയ് മെനാഷെ സമുദായത്തില്‍പ്പെട്ടയാളാണ് സിംഗ്‌സന്‍. ഇയാളെ ഗുരുതര പരിക്കുകളെത്തുടര്‍ന്ന് പൊരിയ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു.സിംഗ്‌സനെ ആക്രമിച്ച രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ പൊലീസ്. താന്‍ ചൈനക്കാരനല്ലെന്നും തനിക്ക് കൊവിഡ് 19 ഇല്ലെന്നും പലതവണ അവരോട് പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് സിംഗ്‌സന്‍ പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിംഗ്‌സന്‍ കുടുംബത്തോടൊപ്പം ഇസ്രേയലില്‍ താമസമാക്കിയത്.

click me!