മരണം മുന്നില്‍ കണ്ട 76 രാപ്പകലുകള്‍ക്ക് അവസാനം; വുഹാന്‍ നഗരം വീണ്ടും തുറന്നു

By Web TeamFirst Published Apr 8, 2020, 9:23 AM IST
Highlights

ഒരു ജനത ഒരിക്കലും മറക്കാത്ത 76 ദിനരാത്രങ്ങള്‍ക്കാണ് ഒടുവില്‍ അവസാനമായിരിക്കുന്നത്. മരണം തൊട്ടടുത്ത് എത്തി നില്‍ക്കുന്ന അവസ്ഥയില്‍ പരപസ്പരം ഒന്ന് വാരിപ്പുണര്‍ന്ന് ആശ്വസിക്കാന്‍ പോലും സാധിക്കാതെ അകന്നിരിക്കുന്ന ജീവിതങ്ങളായിരുന്നു വുഹാനിലേത്.

ബെയ്ജിംഗ്: കൊവിഡ് 19 വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാന്‍ നഗരം വീണ്ടും തുറന്നു. വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും പിന്‍വലിച്ചു. ഇതോടെ നീണ്ട 76 ദിവസങ്ങള്‍ക്ക് ശേഷം വുഹാന്‍ നഗരം വീണ്ടും ഉണര്‍ന്നു. ദുരിതകാലം പിന്നിട്ടതിന്റെ സന്തോഷത്തില്‍ നിയന്ത്രണങ്ങള്‍ മാറി സ്വാതന്ത്ര്യം ലഭിച്ചതിനെ ആഘോഷിക്കുകയാണ് വുഹാനിലെ ജനങ്ങള്‍.

ഒരു ജനത ഒരിക്കലും മറക്കാത്ത 76 ദിനരാത്രങ്ങള്‍ക്കാണ് ഒടുവില്‍ അവസാനമായിരിക്കുന്നത്. മരണം തൊട്ടടുത്ത് എത്തി നില്‍ക്കുന്ന അവസ്ഥയില്‍ പരസ്പരം ഒന്ന് വാരിപ്പുണര്‍ന്ന് ആശ്വസിക്കാന്‍ പോലും സാധിക്കാതെ അകന്നിരിക്കുന്ന ജീവിതങ്ങളായിരുന്നു വുഹാനിലേത്. പൊലിഞ്ഞു പോയ നിരവധി ജീവനുകള്‍ തീരാനൊമ്പരമായി എന്നും അവശേഷിക്കും.

കൊവിഡ് കാലത്തെ പിന്നോട്ട് മാറ്റി പുതിയ കുതിപ്പുകള്‍ സ്വപ്‌നം കണ്ട് പ്രതീക്ഷകളുടെ ലോകത്തേക്കാണ് വുഹാന്റെ കവാടങ്ങള്‍ തുറന്നിരിക്കുന്നത്. അവശേഷിച്ച നിയന്ത്രണങ്ങള്‍ കൂടി നീക്കിയതോടെ റോഡ്, ട്രെയിന്‍ ഗതാഗതം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഒരു കോടിയിലേറെ വരുന്നതാണ് വുഹാനിലെ ജനസംഖ്യ. ഇവിടെ ജീവിതം സാധാരണ അവസ്ഥയിലേക്ക് എത്താന്‍ നീണ്ട കാലമെടുക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. 

ഉറ്റവരെ നഷ്ടമായവര്‍ അനവധി പേരുണ്ട്. ഒപ്പം ലോകം മുഴുവന്‍ വൈറസ് പടര്‍ത്തിയവര്‍ എന്ന വിളി വുഹാന്‍ ജനതയ്ക്കുണ്ടാക്കിയ മാനസിക പ്രശ്‌നങ്ങള്‍ വലുതാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതെല്ലാം മറികടക്കാന്‍ സമയമെടുക്കുമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചെങ്കിലും വുഹാനിലെ ആരോഗ്യ പരിശോധനകള്‍ മുടക്കില്ലാതെ തന്നെ തുടരുന്നുണ്ട്. കൊവിഡ് കാലത്ത് ശ്രദ്ധിച്ച ശുചിത്വ, ആരോഗ്യ ശീലങ്ങള്‍ തുടരാന്‍ തന്നെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷേ, ഇപ്പോള്‍ തിരികെ ലഭിച്ച സ്വാതന്ത്ര്യം ആഘോഷമാക്കുകയാണ് വുഹാന്‍.
 

click me!