ലോകത്തിന് പുതിയ വെല്ലുവിളി; കൊവിഡ് ഭേദമായി 70 ദിവസത്തിന് ശേഷം വീണ്ടും രോഗം

By Web TeamFirst Published Apr 22, 2020, 3:40 PM IST
Highlights

കൊവിഡ് 19ല്‍ നിന്ന് മോചിതരായ ചിലര്‍ക്ക് വീണ്ടും ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വീണ്ടും രോഗം വരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ഭേദമായി 70 ദിവസത്തിന് ശേഷം പോലും വീണ്ടും കൊവിഡ് പൊസിറ്റീവ് ആയവരുടെണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വുഹാന്‍: ലോകം മുഴുവന്‍ കൊവിഡ് 19 വൈറസിനെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ്. മാസങ്ങളായി ലോകത്തിന്‍റെ ആകെ ഉറക്കം കെടുത്തുന്ന കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാന്‍ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വുഹാന്‍ പഴയ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പൂര്‍ണമായി വൈറസിനെ ഒഴിവാക്കാന്‍ ആയിട്ടില്ലെങ്കിലും വുഹാനെ തീവ്രബാധിത പ്രദേശങ്ങളില്‍ നിന്ന് ചൈന ഇതിനിടെ ഒഴിവാക്കിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ചൈനയില്‍ ഉടലെടുത്തിരിക്കുന്നത്. കൊവിഡ് 19ല്‍ നിന്ന് മോചിതരായ ചിലര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വീണ്ടും രോഗം വരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ഭേദമായി 70 ദിവസത്തിന് ശേഷം പോലും വീണ്ടും കൊവിഡ് പൊസിറ്റീവ് ആയവരുടെണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

50-60 ദിവസങ്ങള്‍ക്ക് ശേഷം ഒരുപാട് പേര്‍ക്കാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരാള്‍ വുഹാനിലെ മൂന്ന് ആശുപത്രികളിലാണ് സ്വന്തം ഫ്ലാറ്റിലേക്ക് മാറും മുമ്പ് ചികിത്സ നടത്തിയത്. ഫെബ്രുവരി മൂന്നാം ആഴ്ച മുതല്‍ 10 തവണയില്‍ കൂടുതല്‍ ഈ രോഗിക്ക് പരിശോധന നടത്തി. ഇടയ്ക്ക് നെഗറ്റീവ് കാണിക്കുകയും കൂടുതലായി എപ്പോഴും പൊസിറ്റീവ് ഫലവുമാണ് വന്നിരുന്നത്. 

ആരോഗ്യപരമായി തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഒരു ലക്ഷണവും കാണിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ 14 ദിവസമാണ് ഐസ്വലേഷന്‍ നിര്‍ദേശിക്കുന്നത്. കൊവിഡ് 19 പടരുന്നത് കുറഞ്ഞതോടെ പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പതിയെ കുറച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വെല്ലുവിളി വീണ്ടും ലോകത്തിന് മുന്നിലേക്ക് വരുന്നത്.

ഇത്തരത്തില്‍ വീണ്ടും കൊവിഡ് വന്ന എത്ര രോഗികളുണ്ടെന്നുള്ള കൃത്യമായ കണക്ക് ചൈന പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ധാരാളം പേര്‍ക്ക് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് വിവിധ ആളുകളില്‍ വിവിധ തരത്തില്‍ ഇങ്ങനെ സംഭവിക്കുന്നതെന്ന് വിദഗ്ധരും ഡോക്ടര്‍മാരും കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. ഒരിക്കല്‍ കൊവിഡ് ഭേദമായ ശേഷം വീണ്ടും പകര്‍ന്നതാകാം എന്ന തരത്തില്‍ ചിലര്‍ ഈ വിഷയത്തെ വിലയിരുത്തുന്നുണ്ട്.

ഒരിക്കല്‍ കൊവിഡ‍് മുക്തരായവര്‍ക്ക് ഈ വൈറസിനെ ചെറുക്കാനുള്ള ആന്‍റിബോഡി ശരീരത്തിലുണ്ടാക്കുമെന്ന പ്രതീക്ഷയെ ഈ വിലയിരുത്തല്‍ തകര്‍ത്തു കളയുന്നു. വൈറസിന്‍റെ ചില ശേഷിപ്പുകള്‍ ചിലപ്പോള്‍ ശരീരത്തില്‍ ബാക്കിയായതാകും വീണ്ടും പൊസിറ്റീവ് ആകാന്‍ കാരണമെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ബാധിച്ചയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ഇത് അപകടരമല്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്തായാലും ശാസ്ത്രലോകം ഈ വെല്ലുവിളിയെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. 

click me!