ലോകത്തെ ഞെട്ടിച്ച് കൊറോണവൈറസ്; അമേരിക്കയിലും മരണം, ആശങ്ക വേണ്ടെന്ന് ട്രംപ്

By Web TeamFirst Published Mar 1, 2020, 6:01 AM IST
Highlights

ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. 

വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച് കൊറോണവൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടർന്ന് വാഷിംഗ്ടൺ സംസ്ഥാനത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ അമേരിക്കയിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. വാഷിംഗ്ടണിലെ 50 വയസ്സ് പ്രായം പിന്നിട്ട സ്ത്രീക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 

ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപിക്കാൻ തുടങ്ങിയതോടെ ആശങ്ക ഏറുകയാണ്. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേർ മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈന, കഴിഞ്ഞാൽ ഏറ്റവുമധികം പേർക്ക് വൈറസ് ബാധ റിപ്പോ‍ർട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ സൈന്യം രംഗത്തിറങ്ങി. ദെയ്ഗിലാണ് സൈന്യത്തിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

അമേരിക്കയില്‍ കൊറോണവൈറസ് ബാധയേറ്റ് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുന്നു

യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് വൈറസ്ബാധ ഏറ്റവും രൂക്ഷമായത്. 43 പേർ ഇറ്റലിയിൽ മരിച്ചു. ആയിരത്തിലധികം പേർക്ക് വൈറസ്ബാധയേറ്റു. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,835 ആയി. ഖത്തറിലും ഇക്വഡോറിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനിടെ, വൈറസ് ബാധക്ക് ശേഷം ചൈനയിലെ വായു മലിനീകരണം കുറഞ്ഞതായുള്ള റിപ്പോ‍ർട്ട് നാസ പുറത്തുവിട്ടു. 

കൊവിഡ് 19 ബാധിക്കുന്നതിന് മുമ്പ് ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ചൈനയിലെ പ്രധാന നഗരങ്ങളിൽ നൈട്രജൻ ഡയോക്സൈഡ് അടിഞ്ഞു കൂടിയതായും ഫെബ്രുവരി അവസാന ആഴ്ചയോടെ വിഷപ്പുകയുടെ സാന്നിധ്യം ഇല്ലാതായി എന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജാഗ്രതയുടെ ഭാഗമായി വുഹാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള ഗതാഗത നിയന്ത്രണത്തിന്‍റെ ഫലമായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ.

click me!