18 വര്‍ഷത്തിന് ശേഷം സമാധാനപാത തുറന്ന് താലിബാനും അമേരിക്കയും; അഫ്ഗാനിസ്ഥാനില്‍ നിന്ന് സഖ്യസേന പിന്‍മാറും

By Web TeamFirst Published Feb 29, 2020, 8:10 PM IST
Highlights

പതിനെട്ട് വര്‍ഷം പിന്നിട്ട സംഘര്‍ഷങ്ങള്‍ക്കാണ് സമാധാനക്കരാറോടെ അന്ത്യമാവുക. സഖ്യസേനയം പതിനാല് മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാന്‍ നേതാക്കളുമാണ് കരാറില്‍ ഒപ്പുവച്ചത്.

ദോഹ: സമാധാന കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും. ഖത്തർ തലസ്ഥാനമായ ദോഹയിൽ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികളെ  സാക്ഷികളാക്കിയാണ് സമാധാനക്കരാറില്‍ ഒപ്പിടത്. പതിനെട്ട് വര്‍ഷം പിന്നിട്ട സംഘര്‍ഷങ്ങള്‍ക്കാണ് സമാധാനക്കരാറോടെ അന്ത്യമാവുന്നത്. സഖ്യസേനയെ പതിനാല് മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാന്‍ നേതാക്കളുമാണ് കരാറില്‍ ഒപ്പുവച്ചത്. ന്യൂയോര്‍ക്കില്‍ 2001 സെപ്തബറില്‍ നടന്ന അക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചത്. 2400ഓളം അമേരിക്കന്‍ സൈനികരാണ് ഇതിനോടകം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 12000 അമേരിക്കന്‍ സൈനികരാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. 

കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‍ല അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു. പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അഷ്റഫ് ഗനിക്ക് കൈമാറുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയിൽ നന്ദി അറിയിക്കുന്നതായി അഷ്റഫ് ഗനി പറഞ്ഞിരുന്നു. 

അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ്  അംറുള്ള സലേഹ്, വിദേശകാര്യ മന്ത്രി ഹാറൂൺ ചകൻസുരി തുടങ്ങിയവരുമായും ഹർഷ് വർധൻ ശ്രിംഗ്‍ല കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾക്കാണ് കരാർ ഒപ്പ് വയ്ക്കലിലൂടെ ഫലം കണ്ടത്.

click me!