ലോകമാകെ കൊവിഡ് മരണം 21,000 കടന്നു, ഇറ്റലിയിൽ ഒറ്റ ദിവസം മരിച്ചത് 683 പേർ

By Web TeamFirst Published Mar 26, 2020, 6:55 AM IST
Highlights

ജർമനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. സ്പെയിനിൽ 24 മണിക്കൂറിനകം 7457 പേരാണ് രോഗികളായത്. മരണത്തിൽ ചൈനയെയും മറികടന്നു സ്പെയിൻ. 

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് മരണം 21,000 കടന്നു. നാല് ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലേറെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇറ്റലിയിൽ ഇതുവരെ കൊവിഡ് മരണം 7503 ആയി. ഒറ്റ ദിവസത്തിനിടെ 683 പേരാണ് മരിച്ചത്. 5,210 പുതിയ രോഗികളുമുണ്ട്. അമേരിക്കയിൽ രോഗവ്യാപനം ദ്രുതഗതിയിലാണ്. ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേർ രോഗികളായി. 150-ലേറെ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

: മാർച്ച് 26, 2020, 6.50 AM വരെയുള്ള കണക്ക്

സ്പെയിനിലും രോഗവ്യാപനം കുറഞ്ഞില്ല. 24 മണിക്കൂറിൽ 7,457 പേർ രോഗികളായി. മരണങ്ങളുടെ എണ്ണത്തിൽ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. ആകെ മരണം 3647. ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. അടച്ചുപൂട്ടൽ പ്രഖ്യാപിച്ച രാജ്യങ്ങൾ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു.

''വൈറസ് നിയന്ത്രണത്തിനായി ലോകരാജ്യങ്ങൾ നടപടികളെടുക്കേണ്ടത് ഒരു മാസം മുമ്പായിരുന്നു. രണ്ടാമതൊരവസരമായി കണ്ട് രോഗവ്യാപനം തടയാൻ പരമാവധി കാര്യങ്ങൾ ചെയ്യണം. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകി പലയിടങ്ങളിലായി നിയോഗിക്കാൻ ഈ ആവസരം ഉപയോഗിക്കാം'', സ്രവപരിശോധനകളുടെ എണ്ണം കൂട്ടണമെന്നും രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

: മാർച്ച് 26, 2020, 6.50 AM വരെയുള്ള കണക്ക്

സ്പെയിനിൽ സ്ഥിതി ഗുരുതരം

സ്പെയിനിൽ മരണം ഇനിയും അതിന്റെ ഉയർന്ന നിരക്കിലെത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു ദിവസം കൊണ്ട് 27 ശതമാനം കൂടുതൽ പേരാണ് സ്പെയിനിൽ മരിച്ചത്. സ്പെയിൻ ഉപപ്രധാനമന്ത്രി കാർമൻ കാൽവോയും കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. നിലവിൽ അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്.

രാജ്യവ്യാപകമായി ലോക്ക് ഡൌണിലാണ് സ്പെയിൻ. ഇനിയും മരണസംഖ്യയും പോസിറ്റീവ് കേസുകളും കൂടാൻ തന്നെയാണ് സാധ്യതയെന്ന് സ്പെയിൻ ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. അങ്ങനെ രോഗവ്യാപനം കൂടാൻ ദിവസങ്ങൾ പോലും വേണ്ടെന്നാണ് കണക്കുകൂട്ടൽ.

47,610 പേരാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കനുസരിച്ച് സ്പെയിനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ചൈനയ്ക്കും, ഇറ്റലിയ്ക്കും അമേരിക്കയ്ക്കും പിന്നാലെ നാലാം സ്ഥാനത്താണ് സ്പെയിനെങ്കിലും മരണനിരക്കിൽ ഇറ്റലിയ്ക്ക് പിന്നിലെത്തി സ്പെയിൻ. ഇതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.

432 മില്യൺ യൂറോ വിലവരുന്ന മാസ്കുകളും, ടെസ്റ്റിംഗ് ഉപകരണങ്ങളും ഗ്ലോവുകളും ശ്വസനസഹായികളും ചൈനയിൽ നിന്ന് വാങ്ങാനൊരുങ്ങുകയാണ് സ്പെയിൻ. അടുത്തയാഴ്ച മുതൽ ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തുതുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അടിയന്തരമായി സഹായിക്കണമെന്ന് നാറ്റോയോട് സ്പെയിൻ ആവശ്യപ്പെട്ട് കഴിഞ്ഞു. മെഡിക്കൽ സഹായവും, പ്രതിരോധ ഉപകരണങ്ങളും നൽകി സഹായിക്കണമെന്നാണ് ആവശ്യം.

മാർച്ച് 13 മുതൽ 15 ദിവസത്തേക്കാണ് പ്രാഥമികമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതെങ്കിലും ഈ കാലയളവ് കൂട്ടാനാണ് സ്പാനിഷ് സർക്കാരിന്റെ തീരുമാനം. 15 ദിവസത്തേക്കെങ്കിലും ലോക്ക് ഡൌൺ കാലയളവ് ദീർഘിപ്പിക്കും. 

രാജ്യമെമ്പാടും എമർജൻസി ആശുപത്രികൾ സ്ഥാപിച്ചെങ്കിലും എത്തുന്ന രോഗികൾക്ക് കുറവില്ല. ആരും പുറത്തിറങ്ങരുതെന്ന് കർശനനിർദേശമുണ്ട്. മുതിർന്നവരടക്കം താമസിക്കുന്ന വീടുകളിലെത്തി അണുവിമുക്തമാക്കാൻ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.

click me!