മഹാമാരിയിൽ വിറങ്ങലിച്ച് ലോകം; കൊവിഡ് ബാധിതരുടെ എണ്ണം22.5 ലക്ഷം കടന്നു, മരണം 1,54,108

By Web TeamFirst Published Apr 18, 2020, 6:39 AM IST
Highlights

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. അമേരിക്കയിൽ ഇന്നലെ മാത്രം രിച്ചത് 2476 പേർ.

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തിലേക്ക് അടുക്കുകയാണ്. 22,48,029 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,54,108 പേർ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത്. ബ്രിട്ടനിലും മരണ സംഖ്യയിൽ കാര്യമായ കുറവില്ല. എന്നാൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ മരണ നിരക്കിൽ കുറവുണ്ട്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് , ജർമനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയിൽ നേരിയ കുറവ് വന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം 2476 മരണമാണ് അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്തതത്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന കണ്ടുതുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്‍റ് ട്രംപും സംസ്ഥാന ഗവർണർമാരും തമ്മിൽ വാക്പോര് തുടരുകയാണ്.

ബ്രിട്ടനിൽ മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം എണ്ണൂറ്റി നാൽപ്പത്തിയേറ് മരണമാണ് ബ്രിട്ടനിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ആറായിരത്തോളം പുതിയ കൊവി‍‍ഡ് പോസിറ്റീവ് കേസുകളും ഇന്നലെ ഉണ്ടായി. കൊവിഡ് രോഗബാധയേൽക്കുമോ എന്ന ഭീതിയിൽ മറ്റ് രോഗങ്ങളുള്ളവരും ബ്രിട്ടനിലെ ആശുപത്രികളിലേക്ക് വരാൻ മടിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിലേക്ക് ക്ഷണിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ. 

യൂറോപ്യൻ രാജ്യമായ പോളണ്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏതാണ്ട് കേരളത്തോട് അടുത്ത് മാത്രം ജനസംഖ്യയുള്ള പോളണ്ടിൽ ദിവസം ശരാശരി ഇരുപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പോളണ്ട് തലസ്ഥാനമായ വാഴ്സയിൽ ഒരു മലയാളി വിദ്യാർത്ഥിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 

click me!