
ദില്ലി: നേപ്പാളിലെ ജെൻ സി കലാപം കത്തിപ്പടരുന്ന സാഹചര്യം മുതലെടുക്കാൻ മറ്റ് ശക്തികളെ അനുവദിക്കരുതെന്ന് സി പി എം. ജനമുന്നേറ്റത്തിന്റെ ഫലം ജനാധിപത്യ പുനസ്ഥാപനമാകണം, ഫ്യൂഡൽ ഭരണത്തിലേക്കുള്ള തിരിച്ചുപോക്കാകരുത്. യുവാക്കളുടെ പ്രശ്നങ്ങൾ അടിയന്തരമായി കേട്ട് വേണ്ട നടപടിയെടുക്കണമെന്നും സി പി എം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. രാജഭരണത്തിനെതിരെ പോരാടി നേടിയ ജനാധിപത്യം സംരക്ഷിക്കപ്പെടണം. 20 യുവാക്കളുടെ ജീവൻ നഷ്ടമായതിൽ ആശങ്ക രേഖപ്പെടുത്തുന്നുവെന്നും സി പി എം വ്യക്തമാക്കി.
സർക്കാറുകൾ തുടർച്ചയായി പരാജയപ്പെട്ടതും, യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതുമാണ് നേപ്പാളിലെ യുവാക്കളുടെ രോഷത്തിന് യഥാർത്ഥ കാരണം. കൊടും അഴിമതിയും തൊഴിലില്ലായ്മയും പ്രശ്നം രൂക്ഷമാക്കി. നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ കലാപത്തിൽ കൊല്ലപ്പെട്ടതിനെ സി പി എം ശക്തമായി അപലപിച്ചു.