
ദില്ലി: ഇന്ത്യ - ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നിന്ന് വരുന്നത് നല്ല വ വാർത്തകളെന്നും ഇത് സന്തോഷകരമാണെന്നും ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യ - ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ ഇന്ന് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യ - ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ - ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചക്ക് ശേഷം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ - ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്നാണ് ഷി ജിൻപിങ് പറഞ്ഞത്. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്. 'വ്യാളി- ആന' സൗഹൃദം പ്രധാനമെന്നും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചർച്ചയിൽ പങ്കാളികളായി. ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കൾക്കുമിടയില്‍ ചർച്ച നടന്നത്.