
ലണ്ടന്‍: ബ്രിട്ടണിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്സിറ്റിനെ എതിർക്കാനാണ് എംപിമാരുടെ നീക്കമെങ്കിൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നിബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചെറുക്കാൻ ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷം പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മുന്നറിയിപ്പ്.
യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചൊല്ലി ഉടലെടുത്ത പ്രതിസന്ധി പെട്ടന്നൊന്നും ബ്രിട്ടനെ വിട്ടൊഴിയില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രെക്സിറ്റിനുള്ള നടപടിക്രമങ്ങൾ ഒക്ടോബർ 31ന് തുടങ്ങണമെന്നിരിക്കേ, നിലപാട് കടുപ്പിക്കുകയാണ് ടോറികളും ലേബർ പാർട്ടിയും. കരാറില്ലാതെ, ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചെറുക്കാൻ പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ടോറികൾ.
ഇന്ന് നടക്കാനിരിക്കുന്ന ഈ നിർണായക നീക്കത്തിൽ അവർ വിജയിച്ചാൽ, ഇയു വിടുന്നതിന് അടുത്തവർഷം ജനുവരി 31 വരെ സമയം ആവശ്യപ്പെടാൻ ബോറിസ് ജോൺസൺ നിർബന്ധിതനാകും. കൺസർവേറ്റീവ് പാർട്ടിയിലെ 22 എംപിമാരുടെ പിന്തുണ ഈ നീക്കത്തിനുണ്ട്. ഇത് മുന്നിൽക്കണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർണായക നീക്കം.
പ്രതിപക്ഷ നീക്കം ചെറുക്കാൻ സ്വന്തം പാർട്ടിയിലെ എംപിമാർക്ക് ജോൺസണ വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. പരാജയപ്പെടുന്ന പക്ഷം, ഒക്ടോബർ 14ന് രാജ്യം അടുത്ത തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ബോറിസ് ജോൺസൺ നൽകിയിട്ടുണ്ട്. ഉടൻ ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തെ അനുകൂലിക്കുന്നില്ലെങ്കിലും, പ്രമേയം പാസ്സായാൽ മറ്റു വഴികളില്ലെന്നാണ് ജോൺസന്റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam