
പട്ടമുപേക്ഷിച്ച് സംഗീത റിയാലിറ്റി ഷോയിലൂടെ താരമായ കന്യാസ്ത്രീ. ദി വോയ്സ് എന്ന സംഗീത പരിപാടിയിലൂടെ താരമായ സിസ്റ്റര്‍ ക്രിസ്റ്റീന സൂസിയയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഹോട്ടലിലെ ജീവനക്കാരി ആയിരിക്കുന്നത്. ദി വോയിസ് ഓഫ് ഇറ്റലി എന്ന സംഗീത പരിപാടിയിലെ വിജയി ആയിരുന്ന കന്യാസ്ത്രീയാണ് സ്പെയിനില്‍ ഹോട്ടല്‍ ജീവനക്കാരിയായി ഉപജീവനം നടത്തുന്നത്. 2014ല്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റീനയ്ക്ക് പിന്തുണയുമായി ബാക്ക് സ്റ്റേജില്‍ മദര്‍ സുപ്പീരിയര്‍ അടക്കമുള്ള കന്യാസ്ത്രീകളെത്തിയതും വലിയ ചര്‍ച്ചയായിരുന്നു. 25ാം വയസിലായിരുന്നു ക്രിസ്റ്റീനയുടെ മോഹിപ്പിക്കുന്ന നേട്ടം.
കര്‍ദ്ദിനാള്‍മാര്‍ അടക്കമുള്ളവര്‍ ക്രിസ്റ്റീനയുടെ കഴിവിന് അഭിനന്ദനവുമായി എത്തിയിരുന്നു. സംഗീത പരിപാടിയിലെ മിന്നുന്ന പ്രകടനത്തിന് ലോകത്തിന്‍റെ പല ഭാഗത്ത് നിന്ന് പ്രശംസയും യാഥാസ്ഥിതിക മനോഭാവമുള്ളവരില് നിന്ന് രൂക്ഷ വിമര്‍ശനവും ക്രിസ്റ്റീന നേരിട്ടിരുന്നു. മിലാനിലെ ഉറുസുലിന്‍ സിസ്റ്റേര്‍സ് ഓഫ് ദി ഹോളി ഫെയ്ത്ത് കോണ്‍വെന്‍റിലെ അംഗമായിരുന്നു ക്രിസ്റ്റീന. പരിപാടിയിലെ വിജയത്തിന് ശേഷം സിസ്റ്റര്‍ ക്രിസ്റ്റീന ആല്‍ബം ചെയ്തിരുന്നു. മഡോണയുടെ ലൈക്ക് എ വിര്‍ജിന്‍ എന്ന ഗാനത്തിന്‍റെ കവര്‍ സോംഗ് അടക്കമുള്ള ഈ ആല്‍ബം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇറ്റാലിയന്‍ ടോക് ഷോയിലാണ് താന്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച വിവരം ക്രിസ്റ്റീന പങ്കുവച്ചത്.
ഞായറാഴ്ചയാണ് 34കാരിയായ ക്രിസ്റ്റീന ഇക്കാര്യം തുറന്ന് പറഞ്ഞത്. ഹൃദയത്തിന് പറയാനുള്ളത് ധൈര്യത്തോടെ കേള്‍ക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്ന് ക്രിസ്റ്റീന ടോക്ക് ഷോയില്‍ പറയുന്നു. മാറ്റം എന്നുള്ളത് പരിണാമത്തിന്‍റെ ഭാഗമാണെന്നും എന്നാല്‍ അത് പേടിപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതുന്നതിനേക്കാളും തന്നെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥ നേരിടേണ്ടി വരുന്നതിനാലാണ് മാറ്റം പേടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിശ്വാസം ഉപേക്ഷിച്ചിട്ടില്ലെന്നും കന്യാസ്ത്രീ പട്ടം മാത്രമാണ് ഉപേക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. സംഗീതത്തില്‍ കരിയര്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ വിശദമാക്കി. മറ്റുള്ളവര്‍ എന്ത് കരുതും എന്നോര്‍ത്ത് ആശങ്കപ്പെടാതെ എന്‍റെ ഹൃദയം പറയുന്നത് കേള്‍ക്കാനായിരുന്നു തീരുമാനം. തീരുമാനമെടുക്കല്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്നും മനശാസ്ത്രജ്ഞന്‍റെ സഹായം വരെ തേടേണ്ടി വന്നുവെന്നും ക്രിസ്റ്റീന പറയുന്നു.
ഇറ്റലിയിലെ കത്തോലിക്കാ സഭയില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തതിന് സമ്മിശ്ര പ്രതികരണമാണ് ക്രിസ്റ്റീന നേരിട്ടത്. ഇതിന് പിന്നാലെ മഡോണയുടെ ഗാനത്തിന് കവര്‍ സോംഗ് ചെയ്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുമ്പോള്‍ നേരിട്ട രൂക്ഷ വിമര്‍ശനമാകാം കന്യാസ്ത്രീക്ക് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് സഭയിലെ ഒരു വക്താവ് വിഷയത്തേക്കുറിച്ച് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam