ഇയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ് ക്യൂബ; രണ്ട് മരണം

By Web TeamFirst Published Sep 28, 2022, 4:20 PM IST
Highlights

ദ്വീപില്‍ വ്യാപകമായ ഒരു ബ്ലാക്ക്ഔട്ട് സംഭവിച്ചതായും ഇലക്‌ട്രിക്കൽ എനർജി അതോറിറ്റിയുടെ തലവന്‍ ക്യൂബന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വെളിപ്പെടുത്തിയത്.  

ക്യൂബ:  കഴിഞ്ഞ ദിവസം വീശിയടിച്ച് ഇയന്‍ ചുഴലിക്കാറ്റില്‍ ക്യൂബയുടെ പടിഞ്ഞാന്‍ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടു. ശക്തമായ കാറ്റില്‍ വൈദ്യുതി തൂണുകള്‍ കടപുഴകിയതിനാല്‍ രാജ്യത്തെങ്ങും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന പവര്‍ പ്ലാന്‍റുകളില്‍ അറ്റകുറ്റപണി നടക്കുകയാണെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കലാതാമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദേശീയ വൈദ്യുത സംവിധാനം തകർന്നെന്നും ഇതോടെ ദ്വീപില്‍ വ്യാപകമായ ഒരു ബ്ലാക്ക്ഔട്ട് സംഭവിച്ചതായും ഇലക്‌ട്രിക്കൽ എനർജി അതോറിറ്റിയുടെ തലവന്‍ ക്യൂബന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വെളിപ്പെടുത്തിയത്. ഇതോടെ 11 ദശലക്ഷം ആളുകള്‍ ഇരുട്ടിലായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

തലസ്ഥാനമായ ഹവാനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്ക് മാറ്റാൻസാസ് ആസ്ഥാനമാക്കി സ്ഥിതി ചെയ്യുന്ന  ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പ്ലാന്‍റാണ് അന്‍റോണിയോ ഗിറ്ററസ്.  ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈ പ്ലാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായി. അറ്റകുറ്റപണികള്‍ക്കായി പ്ലാന്‍റ് ഷട്ട്ഡൗണ്‍ ചെയ്തു.  ക്യൂബയില്‍ മറ്റെവിടെയും വൈദ്യുതി ഉൽപ്പാദനം നടക്കുന്നില്ല. ഇതോടെ രാജ്യം ഇരുട്ടിലായി. അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്ലാന്‍റ് പ്രവര്‍ത്തന ക്ഷമമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഇയന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്യൂബയില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റഗറി മൂന്നില്‍ ഉള്‍പ്പെട്ട ഇയന്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരത്തേക്ക് നീങ്ങുകയാണ്. ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കരുതുന്നു. ഇയൻ ചുഴലിക്കാറ്റ് ക്യൂബയിലെ ചില പ്രദേശങ്ങളിൽ 30cm  വരെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടം നടന്ന പ്രദേശങ്ങള്‍ ക്യൂബന്‍ പ്രസിഡന്‍റ് മിഗ്വല്‍ ഡയസ് കാനല്‍ സന്ദര്‍ശിച്ചു. പ്രതിസന്ധിക്ക് മുകളില്‍ ഉയരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ക്യൂബന്‍ പ്രസിഡന്‍റിന്‍റെ അക്കൗണ്ട് ട്വീറ്റ് ചെയ്തു. 

click me!