
വാഷിംഗ്ടൺ: ക്യൂബ അമേരിക്കയ്ക്ക് ഗുരുതരമായ 'ദേശീയ സുരക്ഷാ ഭീഷണി' ഉയർത്തുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ഒരു കരാറിലെത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 1996-ൽ രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ നിർണായക പ്രതികരണം. 1996 ഫെബ്രുവരിയിൽ അമേരിക്കൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് 94-കാരനായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയത്.
1996 ഫെബ്രുവരി 24-നാണ് മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപ്രവാസികളുടെ സംഘടനയായ 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ഗ്രൂപ്പിന്റെ രണ്ട് ചെറുവിമാനങ്ങൾ ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത്. ഈ ആക്രമണത്തിൽ മൂന്ന് യുഎസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ കാസ്ട്രോ. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടേത് വെറും കള്ളപ്രചാരണങ്ങൾ മാത്രമാണെന്നും, സൈനിക അധിനിവേശത്തിനുള്ള യുഎസിന്റെ നീക്കമാണിതെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു. ഇതിനിടെ കമ്യുണിസ്റ്റ് ക്യൂബയ്ക്ക് എതിരായ നീക്കം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത് വന്നിട്ടുണ്ട്.
തങ്ങളുടെ നിലവിലെ ഭരണാധികാരികളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ക്യൂബയുമായി ഒരു നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഏത് സാഹചര്യവും നേരിടാൻ ട്രംപ് ഭരണകൂടം സന്നദ്ധമാണെന്നായിരുന്നു റൂബിയോയുടെ പ്രതികരണം. നയതന്ത്രപരമായ പരിഹാരത്തോടാണ് അമേരിക്കക്ക് താല്പര്യമെന്ന് വ്യക്തമാക്കിയ റൂബിയോ, എന്നാൽ രാജ്യത്തെ ഏതൊരു ഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ ട്രംപിന് അവകാശവും ബാധ്യതയുമുണ്ടെന്നും മുന്നറിയിപ്പ് നൽകി. റൂബിയോയുടെ ആരോപണങ്ങൾക്കെതിരെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശക്തമായി പ്രതികരിച്ചു. ക്യൂബ ഒരിക്കലും അമേരിക്കയ്ക്ക് ഒരു ഭീഷണിയായിട്ടില്ല. തങ്ങളുടെ രാജ്യത്തെ തകർക്കാൻ യുഎസ് ശ്രമം നടത്തുകയാണ്. 'ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം' എന്ന യുഎസിന്റെ ലേബൽ ശുദ്ധ അസംബന്ധമാണെന്നും റോഡ്രിഗസ് തിരിച്ചടിച്ചു. യുഎസിന്റെ എണ്ണ ഉപരോധം മൂലം കടുത്ത ഇന്ധന പ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും നേരിടുകയാണ് ക്യൂബൻ ജനത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam