വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് സ്ഥിരീകരിച്ചു. വെടിവെപ്പിന് പിന്നിലെ കാരണം അറിവായിട്ടില്ല. വെടിവെപ്പിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസ് പ്രദേശത്ത് വൻതോതിലുള്ള സുരക്ഷാ ഓപ്പറേഷൻ നടത്തിവരികയാണ്. ജനങ്ങൾ സ്വന്തം സുരക്ഷ മുൻനിർത്തി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്ന് പോലീസ് എക്സ് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. അമേരിക്കയെ അപേക്ഷിച്ച് ജർമ്മനിയിൽ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ ഇത്തരം കൂട്ടവെടിവെപ്പുകൾ അവിടെ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. 25 വയസ്സിന് താഴെയുള്ള ആർക്കും തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പരിശോധന നിർബന്ധമാണ്.
