കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി ക്യൂബ; ലോകത്തിലാദ്യം

By Web TeamFirst Published Sep 7, 2021, 8:20 PM IST
Highlights

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.  സോബെറാന, അബ്ഡല വാക്‌സീനുകളാണ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയെന്നും ക്യൂബന്‍ അധികൃതര്‍ അറിയിച്ചു.
 

ഹവാന: രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ചയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ക്യൂബന്‍ സര്‍ക്കാറിന്റെ തീരുമാനം.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.  സോബെറാന, അബ്ഡല വാക്‌സീനുകളാണ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയെന്നും ക്യൂബന്‍ അധികൃതര്‍ അറിയിച്ചു. 

12 വയസിന് മുകളിലുള്ളവര്‍ക്ക് വെളിയാഴ്ച മുതല്‍ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. ചൈനയും യുഎഇയും വെനിസ്വലെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ചൈനീസ് വാക്‌സീനായ സിനോവാക് ആറും 12ഉം വയസ്സിന് ഇടയിലുള്ളവര്‍ക്ക് നല്‍കാന്‍ ചിലി തീരുമാനിച്ചിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യം വികസിപ്പിച്ച ക്യൂബന്‍ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. 92 ശതമാനത്തിന് മുകളിലാണ് ഈ വാക്സിനുകളുടെ ഫലപ്രാപ്തി എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കാനാണ് ക്യൂബന്‍ അധികൃതരുടെ തീരുമാനം. അര്‍ജന്റീന, ജമൈക്ക, മെക്സിക്കോ, വിയറ്റ്‌നാം, വെനിസ്വേല, ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്യൂബന്‍ വാക്സിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!