
ടെഹ്‌റാന്‍: ഇറാൻറെ കറൻസി എല്ലാക്കാലത്തേയും താഴ്ന്ന നിലയിൽ. തെരുവിൽ പ്രതിഷേധവുമായി ജനം. പണപ്പെരുപ്പം രൂക്ഷമായതോടെയാണ് സാധാരണക്കാർ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. നിലവിൽ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. യുഎസ് ഡോളറിനെതിരെ ഇറാൻ റിയാൽ കൂപ്പുകുത്തിയതിന് പിന്നാലെ ഞായറാഴ്ചയാണ് ടെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം പിന്നാലെ സാധാരണക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇറാനിലെ പ്രമുഖ നഗരങ്ങളായ കറാജ്, ഹമേദാൻ, ക്വെഷം, മലാർഡ്, ഇസ്ഫഹാൻ, കെർമാൻഷാ, ഷിറാസ്, യാസ്ദ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ സമാധാനത്തോടെ കൈകാര്യം ചെയ്യുമെന്നാണ് ഇറാനിയൻ സർക്കാർ നിലവിൽ വിശദമാക്കിയിട്ടുള്ളത്. ഇറാന്റെ സെൻട്രെൽ ബാങ്ക് ഗവർണർ മുഹമ്മദ് റെസ ഫാര്‍സിന്‍ ഇതിനോടകം രാജി വച്ചിട്ടുണ്ട്. 2022ലാണ് ഫാര്‍സിന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റത്. സർവകലാശാല വിദ്യാർത്ഥികൾ അടക്കമാണ് പ്രതിഷേധത്തിൽ അണി നിരന്നിട്ടുള്ളത്.
യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ മൂല്യം 42000 ഡോളറില്‍ കൂടുതലായിട്ടാണ് താഴ്ന്നത്. പണപ്പെരുപ്പം 42ശതമാനത്തിൽ അധികമായി ഉയരുകയും ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധത്തെയാണ് നിലവിൽ നേരിടുന്നത്. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചയിലൂടെ കേള്‍ക്കാന്‍ ഇറാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴി സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാനും കഴിയുമെന്നുമാണ് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷേഷ്‌കിയാന്‍ ചൊവ്വാഴ്ച വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam