റഫാല്‍ കമ്പനി ഇന്ത്യന്‍ ഇടനിലക്കാര്‍ക്ക് 8.6 കോടി രൂപ 'സമ്മാനം' നല്‍കിയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Apr 5, 2021, 5:07 PM IST
Highlights

2017-ല്‍ ഡാസോ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 508925 യൂറോ ഇടപാടുകാര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് എ എഫ് എ കണ്ടെത്തിയിരുന്നു. 

പാരീസ്: റഫാല്‍ യുദ്ധവിമാന കരാറില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാനം. റഫാല്‍ വിമാന നിര്‍മാണ കമ്പനിയായ ഡാസോ  കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാര്‍ക്ക് 10 ലക്ഷം യൂറോ (8.6 കോടി രൂപ) പാരിതോഷികമായി നല്‍കിയെന്നാണ് ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഡാസോ  കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എ എഫ് എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.   

2017-ല്‍ ഡാസോ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 508925 യൂറോ ഇടപാടുകാര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് എ എഫ് എ കണ്ടെത്തിയിരുന്നു. റഫാല്‍ വിമാനങ്ങളുടെ മോഡലുകള്‍ നിര്‍മിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാല്‍, ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന്  ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നതായി മീഡിയാ പാര്‍ട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്ര വലിയ തുകയുടെ ഇടപാട് കണ്ടെത്തിയെങ്കിലും  ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സി ഈ വിഷയത്തില്‍ മറ്റ് നിയമനടപടികളിലേക്ക് കടന്നിട്ടില്ല. 

2018-ല്‍ റഫാല്‍ പ്രതിരോധ ഇടപാടില്‍ ഫ്രഞ്ച് പബ്ലിക് പ്രൊസിക്യൂഷന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി ക്രമക്കേട് ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങളെന്നും മീഡിയാ പാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  ഡെഫ്‌സിസ് സെല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഇന്‍വോയിസുകളാണ് ഡാസോ കമ്പനി കാശ് നല്‍കിയതിനു തെളിവായി ഹാജരാക്കിയത്. 

ഇതു പ്രകാരം 2017 മാര്‍ച്ച് 30-ന് ഡാസോ കമ്പനി റഫാല്‍ വിമാനങ്ങളുടെ 50 ഡമ്മി മാതൃകള്‍ നിര്‍മ്മിക്കുന്നതിനുള്ള പാതി തുകയായ 10,17,850 യൂറോ ഡെഫ്‌സിസ് എന്ന ഇന്ത്യന്‍ കമ്പനിക്ക് നല്‍കി. ഓരോ ഡമ്മിക്കും 20,375 യൂറോയാണ് വിലയിട്ടിരുന്നത്. ഡെമ്മി ഉണ്ടാക്കുന്നതിനെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ വിലയാണ്. 

എന്നാല്‍, ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ഡാസോയ്ക്ക് ഹാജരാക്കാനായില്ലെന്ന് മീഡിയാ പാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെമ്മി മാതൃകയ്ക്കുള്ള തുക എന്നു പറയുന്നുണ്ടെങ്കിലും കമ്പനി അക്കൗണ്ടില്‍ പരിതോഷികം എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തു കൊണ്ടാണ് ഇതെന്ന് വിശദീകരിക്കാനും ഫ്രഞ്ച് കമ്പനിക്ക് കഴിഞ്ഞില്ല. 

ഇന്ത്യയില്‍ ഡാസോയുടെ ഉപകരാര്‍ എടുക്കുന്ന കമ്പനികളില്‍ ഒന്നാണ് ഡെഫ്‌സിസ് സെല്യൂഷന്‍സ്. വിവാദ വ്യവസായി സുഷന്‍ ഗുപ്തയാണ് കമ്പനിയുടെ ഉടമ. അഗസ്റ്റ് വെസ്റ്റ്‌ലന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലായി ജാമ്യം നേടിയ വ്യക്തിയാണ് സഷന്‍ ഗുപ്ത.  പണത്തട്ടിപ്പ് അടക്കം നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയJക്‌ടേററ്റ് ചുമത്തിയിരുന്നു. 

മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം മാത്രമാണ് പുറത്തുവന്നതെന്നും മൂന്നാം ഭാഗത്തില്‍ റാഫേല്‍ കരാറിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുമെന്നും മീഡിയാ പാര്‍ട്ട് റിപ്പോര്‍ട്ടര്‍ യാന്‍ ഫിലിപ്പിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

click me!