
ഇസ്ലാമാബാദ്: എഐ ഉപയോഗിച്ച് എഴുതിയ വാർത്ത അതേപടി പ്രസിദ്ധീകരിച്ചതിന് പിന്നാലെ പാക് ദിനപത്രമായ ഡോണിനെതിരെ വൻ വിമർശനം. ചാറ്റ് ജിപിടി ഉപയോഗിച്ച് എഴുതിയ വാർത്തയിൽ, എഐ പ്രോംപ്റ്റ് കടന്നുകൂടിയതോടെയാണ് വിവാദം. അന്തർദേശീയ തലത്തിൽ തന്നെ വൻ വിമർശനമാണ് ഡോൺ ദിനപത്രത്തിനെതിരെ ഉയർന്നിരിക്കുന്നത്.
ഇന്നലത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ച ബിസിനസ് വാർത്തയുമായി ബന്ധപ്പെട്ടാണ് വിവാദം. "പരമാവധി വായനക്കാരിൽ സ്വാധീനം ചെലുത്താൻ അനുയോജ്യമായ, പഞ്ച് വൺ-ലൈൻ സ്ഥിതിവിവരക്കണക്കുകളും ബോൾഡും ഇൻഫോഗ്രാഫിക്-റെഡി ലേഔട്ടും ഉള്ള ഒരു കൂടുതൽ വേഗതയുള്ള 'ഫ്രണ്ട്-പേജ് സ്റ്റൈൽ' പതിപ്പ് എനിക്ക് സൃഷ്ടിക്കാൻ കഴിയും. അടുത്തതായി ഞാൻ അത് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?" എന്ന എഐ പ്രോംപ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന ഭാഗത്തുണ്ട്. വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാക്കപ്പെട്ടു.