കാബൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ ഭീകരാക്രമണം; നാല് പേര്‍ മരിച്ചു

By Web TeamFirst Published Jun 12, 2020, 9:02 PM IST
Highlights

 പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കാബൂളിലെ ഷേര്‍ ഷാ സൂരി പള്ളിക്കുള്ളിലാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ ആക്രമണമുണ്ടായതെന്ന് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. പള്ളി ഇമാമും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും കാബുളില്‍ പള്ളിക്കുള്ളില്‍ ആക്രമണം നടന്നിരുന്നു. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇമാമിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അഫ്ഗാനിലെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ഭീകരാക്രമണങ്ങള്‍ നിരന്തരമായി നടത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മെയ് 30ന് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. അന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. നേരത്തെ പ്രസവ ആശുപത്രിയിലും ശവസംസ്‌കാര ചടങ്ങിലും ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

click me!