
ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി മുന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷറഫിന് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. അറസ്റ്റ് ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്.
2007 നവംബറില്‍ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.
2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു.
2001 ൽ പാകിസ്ഥാൻ പ്രസിഡന്‍റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്മെന്‍റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാകിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാര്‍ലമെന്‍റിലേക്ക് മത്സരിക്കാൻ പാകിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.