- Home
- News
- International News
- സ്വര്‍ണ്ണശവപ്പെട്ടി, അഞ്ച് ലോറി റീത്ത്, മുഖംമൂടിധാരികള്‍; ആര്‍ഭാടപൂര്‍വ്വം എല്‍മെഞ്ചോയുടെ സംസ്‌കാരചടങ്ങ്
സ്വര്‍ണ്ണശവപ്പെട്ടി, അഞ്ച് ലോറി റീത്ത്, മുഖംമൂടിധാരികള്‍; ആര്‍ഭാടപൂര്‍വ്വം എല്‍മെഞ്ചോയുടെ സംസ്‌കാരചടങ്ങ്
അഞ്ച് ലോറികളില്‍ നിറയെ റീത്തുകള്‍, സ്വര്‍ണ്ണശവപ്പെട്ടി, സംഗീത പരിപാടി. ഇതൊരു ശവസംസ്‌കാര ചടങ്ങാണ്. മെക്‌സിക്കോയെ ഇളക്കിമറിച്ച മയക്കുമരുന്ന് മാഫിയാ തലവന്‍ എല്‍മെഞ്ചോയുടെ സംസ്‌കാരചടങ്ങ്. വന്‍സുരക്ഷയില്‍ നടന്ന പരിപാടി നടത്തിയത് മാഫിയ തന്നെയാണ്.

ലോകം ഭയപ്പെടുന്ന 'ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' (CJNG) എന്ന മയക്കുമരുന്ന് സംഘത്തിന്റെ സ്ഥാപകനാണ് എല്‍ മെഞ്ചോ എന്ന നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ്.
മെക്‌സിക്കോയിലെ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന കുറ്റവാളി. ഇയാളുടെ തലയ്ക്ക് അമേരിക്ക 15 മില്യണ്‍ ഡോളര്‍ (ഏകദേശം 136 കോടി രൂപ) വിലയിട്ടിരുന്നു. ഫെബ്രുവരി അവസാന വാരം, ഒരുവനപ്രദേശത്ത് ഒളിവില്‍ കഴിയുന്നതിനിടെ മെക്‌സിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ വെടിവെപ്പിനിടെ പരിക്കേറ്റു. ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ കൊല്ലപ്പെട്ടു.
എല്‍ മെഞ്ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മെക്‌സിക്കോയിലെ 20 സംസ്ഥാനങ്ങള്‍ സംഘര്‍ഷഭരിതമായി. മയക്കുമരുന്ന് മാഫിയ പ്രതികാരമായി വ്യാപക അക്രമങ്ങള്‍ നടത്തി. വാഹനങ്ങള്‍ക്ക് തീയിടുകയും റോഡുകള്‍ തടസ്സപ്പെടുത്തുകയും ജയില്‍ ആക്രമിച്ച് കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ അധികാര തര്‍ക്കത്തിലും നിരവധി പേര്‍ കൊല്ലപ്പെടുകയും പലരെയും കാണാതാവുകയും ചെയ്തു.
കാര്‍ട്ടലിന്റെ പ്രധാന ശക്തികേന്ദ്രമായ ജാലിസ്‌കോ സംസ്ഥാനത്തെ ഗൗദലഹാരയ്ക്ക് സമീപമാണ് ആഡംബരംനിറഞ്ഞ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാരത്തിനിടെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ മെക്‌സിക്കന്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
സ്വര്‍ണ്ണ ശവപ്പെട്ടിയിലാണ് എല്‍മെഞ്ചോയുടെ മൃതദേഹം എത്തിയത്. സെമിത്തേരി വളപ്പിലെ ചാപ്പലിലേക്ക് എല്‍ മെഞ്ചോയുടെ സ്വര്‍ണ്ണ നിറത്തിലുള്ള ശവപ്പെട്ടി എത്തിച്ചപ്പോള്‍ 'എല്‍ മുച്ചാച്ചോ അലെഗ്രെ' എന്ന പരമ്പരാഗത ഗാനം ആലപിക്കപ്പെട്ടു.
സപ്പോപ്പനിലുള്ള 'റെസിന്റോ ഡി ലാ പാസ്' സെമിത്തേരിയിയിലാണ് ചടങ്ങ് നടന്നത്. പൂക്കള്‍ കൊണ്ട് മൂടിയ ട്രക്കിലാണ് സ്വര്‍ണ്ണ ശവപ്പെട്ടിയില്‍ മൃതദേഹം കൊണ്ടുവന്നത്. പുഷ്പചക്രങ്ങള്‍ എത്തിക്കാന്‍ നിരവധി വാഹനങ്ങള്‍ ആവശ്യമായി വന്നു. അജ്ഞാതരായ വ്യക്തികള്‍ അയച്ച റീത്തുകള്‍ കൊണ്ടുപോകാന്‍ മാത്രം അഞ്ച് വലിയ ലോറികള്‍ വേണ്ടിവന്നു.
പുഷ്പചക്രങ്ങളില്‍ ഒരെണ്ണം പൂവന്‍കോഴിയുടെ രൂപത്തിലായിരുന്നു. കോഴിപ്പോരിനോടുള്ള എല്‍ മെഞ്ചോയുടെ അമിതമായ താല്‍പ്പര്യത്തെ സൂചിപ്പിക്കാനാണ് ഇത് തയ്യാറാക്കിയത്. സംസ്‌കാര ഘോഷയാത്രയില്‍ മെക്‌സിക്കന്‍ നാടന്‍ സംഗീതമായ 'റാഞ്ചെറോ'യും, മയക്കുമരുന്ന് തലവന്മാരെ പുകഴ്ത്തി പാടുന്ന 'നാര്‍ക്കോ കോറിഡോസും' ആലപിക്കുന്ന സംഗീത ബാന്‍ഡ് ഉണ്ടായിരുന്നു.
ചടങ്ങിനെത്തിയവരില്‍ ഭൂരിഭാഗവും ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നു. ഇവരില്‍ പലരും മയക്കുമരുന്ന് മാഫിയയുടെ ആളുകള്‍ ആയിരുന്നു. മെക്‌സിക്കോയുടെ പല ഭാഗങ്ങളില്‍നിന്നും എല്‍മെഞ്ചോയുടെ സംസ്‌കാര ചടങ്ങിന് ആളുകള്‍ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

