മുസ്ലിം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു; ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ

By Web TeamFirst Published Jan 25, 2020, 6:26 PM IST
Highlights

മുസ്ലിം യാത്രക്കാരോട് വിവേചനപരമായി പെരുമാറിയ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ.

വാഷിങ്ടണ്‍: മുസ്ലിം യാത്രക്കാരോട് വിവേചനപരമായി പെരുമാറിയ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ ചുമത്തി. മുസ്ലിം യാത്രക്കാരോട് വിവേചനപരമായി പെരുമാറിയ രണ്ട് സംഭവങ്ങള്‍ കണക്കിലെടുത്താണ് ഡെല്‍റ്റ എയര്‍ലൈന്‍സിന് 50,000 യുഎസ് ഡോളര്‍(3566275) രൂപ യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്.

2016 ജൂലൈ 26നായിരുന്നു സംഭവം. പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തില്‍ വെച്ചാണ് ഡെല്‍റ്റ 229 വിമാനത്തില്‍ നിന്ന് മൂസ്ലിം ദമ്പതികളെ പുറത്താക്കിയത്. ഇവരുടെ പെരുമാറ്റം അസഹ്യമാണെന്ന് മറ്റൊരു യാത്രക്കാരന്‍ വിമാന ജീവനക്കാരെ അറിയിച്ചു. മുസ്ലിം ദമ്പതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ നിരവധി തവണ അള്ളാഹു എന്ന് ഇയാള്‍ ടൈപ്പ് ചെയ്യുന്നത് കണ്ടതായി വിമാന ജീവനക്കാരന്‍ പറ‌ഞ്ഞു. ഡെല്‍റ്റയുടെ കോര്‍പ്പറേറ്റ് സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ മുസ്ലിം ദമ്പതികള്‍ യുഎസ് പൗരന്മാരാണെന്നും വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയാണെന്നും വിവരം ലഭിച്ചിരുന്നു. അസാധാരണമായ പെരുമാറ്റം ഉണ്ടാകാതിരുന്നിട്ടും ഇവരെ യാത്ര തുടരാന്‍ ക്യാപ്റ്റന്‍ അനുവദിച്ചില്ല. 

സുരക്ഷാ മാനദണ്ഡങ്ങള്‍ ക്യാപ്റ്റന്‍ പാലിച്ചില്ലെന്നും വിവേചനപരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് ഗതാഗത വകുപ്പ് ഡെല്‍റ്റ എയര്‍ലൈന്‍സിന് പിഴ ചുമത്തിയത്. 2016 ജൂലൈ 31 ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന ഡെല്‍റ്റ 49 വിമാനത്തിലാണ് അടുത്ത സംഭവമുണ്ടായത്. മറ്റൊരു മുസ്ലിം യാത്രക്കാരനെതിരെ സഹയാത്രികന്‍റെ പരാതിയെ തുടര്‍ന്ന് വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ ഇയാള്‍ മടങ്ങിപ്പോയി. പക്ഷേ വിമാനം പറത്താന്‍ തയ്യാറായ ക്യാപ്റ്റന്‍ തിരിച്ചുവന്ന് മുസ്ലിം യാത്രക്കാരനെ എഴുന്നേല്‍പ്പിച്ച ശേഷം ഇയാളുടെ സീറ്റ് പരിശോധിക്കുകയായിരുന്നു.

Read More: പൊടിപിടിച്ച് 24,000ലധികം തപാൽ ഉരുപ്പടികൾ; മുൻ പോസ്റ്റുമാനെ പിടികൂടി പൊലീസ്

ഈ രണ്ട് സംഭവങ്ങളിലാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന് പിഴ ചുമത്തിയത്. വിവേചനപരമായ പെരുമാറ്റം ഉണ്ടായില്ലെന്ന് അറിയിച്ച എയര്‍ലൈന്‍സ് അധികൃതര്‍ പക്ഷേ ഈ സംഭവങ്ങള്‍ വ്യത്യസ്തമായാണ് കൈകാര്യം ചെയ്തതെന്ന് സമ്മതിച്ചു. 

click me!