പൊടിപിടിച്ച് 24,000ലധികം തപാൽ ഉരുപ്പടികൾ; മുൻ പോസ്റ്റുമാനെ പിടികൂടി പൊലീസ്

By Web TeamFirst Published Jan 25, 2020, 3:00 PM IST
Highlights

ഇത്രയധികം സാധനങ്ങൾ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് താൻ ഇതെല്ലാം വീട്ടിൽ സൂക്ഷിച്ചതെന്ന് പോസ്റ്റുമാന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

കനഗാവ: വർഷങ്ങളായി 24,000ൽ അധികം കത്തുകൾ വീട്ടിൽ സൂക്ഷിച്ച മുൻ പോസ്റ്റുമാനെ അറസ്റ്റ് ചെയ്ത് പൊലീസ്. ജപ്പാനിലെ കനഗാവയിലാണ് വിചിത്ര സംഭവം നടന്നത്. 2003 മുതലാണ് 61കാരനായ പോസ്റ്റുമാൻ  ആവശ്യക്കാർക്ക് തപാൽ ഉരുപ്പടികൾ കൈമാറാതിരുന്നതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കോടതിയിൽ വിചാരണ നേരിടണം. കുറ്റം തെളിയിക്കപ്പെട്ടാൽ, മൂന്ന് ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ശിക്ഷയായി അനുഭവിക്കേണ്ടിവരും. 

യോകോഹാമയിലെ ഒരു പോസ്റ്റോഫീസ് ബ്രാഞ്ചിന്റെ ഡെലിവറി ഹെഡ് ആയി ജോലി ചെയ്തിരുന്ന ആളാണ് ഈ പോസ്റ്റുമാൻ. ഇയാളുടെ കനഗാവയിലെ അപ്പാർട്ട്മെന്‍റിലാണ് ആവശ്യക്കാർക്ക് എത്തിക്കേണ്ട കത്തുകൾ ഉൾപ്പടെ 24,000 തപാൽ ഉരുപ്പടികൾ കണ്ടെത്തിയത്. ഇത്രയധികം സാധനങ്ങൾ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് താൻ ഇതെല്ലാം വീട്ടിൽ സൂക്ഷിച്ചതെന്ന് ഇദ്ദേഹം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

Read Also: പൊടിപിടിച്ച് 1500ലധികം കത്തുകൾ; ജോലിയും അഡ്മിഷനും നഷ്ടപ്പെട്ട് നിരവധിപേർ, പോസ്റ്റുമാനെതിരെ നടപടി

ജപ്പാനിലെ തപാൽവകുപ്പ് നടത്തിയ ഇന്റേണൽ ഓഡിറ്റിനിടെ തകരാറുണ്ടെന്ന് അധികൃതർക്ക് സംശയമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ, ജോലിയിൽ നിന്ന് പുറത്താക്കിയെങ്കിലും അത് അവിടം കൊണ്ട് അവസാനിച്ചില്ല. 2017 ഫെബ്രുവരി മുതൽ 2018 നവംബർ വരെ ആയിരത്തിലധികം തപാൽ ഉരുപ്പടികൾ കാണാതായതായി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻ പോസ്റ്റുമാന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്ന് സാധനങ്ങൾ കണ്ടെത്തിയത്. 

click me!