അന്ന് നവംബർ 29നെത്തിയ ഓഖി, ദുരന്തം ഓർമ്മിപ്പിച്ച് ഇന്ത്യൻ തീരം തൊടാൻ ഇന്ന് ഡിറ്റ് വ, നവംബറും ശ്രീലങ്കയും ചുഴലിക്കാറ്റും തമ്മിൽ!

Published : Nov 29, 2025, 02:36 PM IST
Dit va

Synopsis

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നു. തമിഴ്നാട്ടിലും കേരളത്തിലും ജാഗ്രതാ നിർദേശം നൽകിയിരിക്കെ, 2017-ലെ ഓഖി ദുരന്തത്തിൻ്റെ ഓർമ്മകൾ ഈ സാഹചര്യം വീണ്ടും ഉണർത്തുകയാണ്.   

കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയാണ് സർക്കാർ കണക്ക്. പ്രളയ ഭീതിയിലാണ് തലസ്ഥാനമായ കൊളംബോ. ഡിറ്റ് വാ ശ്രീലങ്കയിൽ നാശം വിതച്ച് ഇന്ത്യൻ തീരങ്ങൾ തൊടുമെന്ന അറിയിപ്പുകൾ എത്തുമ്പോൾ, ചുഴലിക്കാറ്റിന്റെ ഇഷ്ടമാസമെന്ന ചീത്തപ്പേരുള്ള നവംബര്‍ ഓര്‍മിപ്പിക്കുന്നത് മറ്റൊരു പേരാണ്, ഓഖി. തെക്കൻ കേരളത്തിൽ അപ്രതീക്ഷിത ചലനങ്ങളുണ്ടാക്കിയ ഓഖിയും ഒരു നവംബറിലായിരുന്നു. കൃത്യമായി പറഞ്ഞാൽ നവംബര്‍ 29ന്. ഇന്ന് ഡിറ്റ് വാ ഇന്ത്യൻ തീരം തൊടുമെന്ന് അറിയിച്ചിരിക്കുന്നത് നവംബര്‍ 30നാണ്. ചില സമാനതകളുമായി ഡിറ്റ് വാ എത്തുമ്പോൾ ഓര്‍മിപ്പിക്കുന്ന ചിലതുണ്ട്. ഇന്ത്യൻ തീരങ്ങളിൽ ആവര്‍ത്തനമാകുന്ന ചുഴലിക്കാറ്റുകളും നവംബറും തമ്മിലെന്താണ്.

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ

ശ്രീലങ്കയിലെ 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായി. മണ്ണിടിച്ചിലിലും പ്രളയത്തിലും 100 പേർ മരിക്കുകയും 35 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. 44,000 പേരെ നേരിട്ട് ബാധിച്ച പ്രളയത്തിൽ നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി. വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി.രാജ്യത്ത് രാവിലെ 6 മണി മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്. ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷൌദൗത്യത്തിൻ്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർത്ഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.

തമിഴ്നാട്ടിലും കേരളത്തിലും ജാഗ്രത

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നുണ്ട്. ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്. അതേസമയം കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഒരു ട്രെയിൻ പൂർണമായും 11ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്ന് സ്കൂൾ അവധി പ്രഖ്യാപിചച്ചിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ഇന്ന് കൈമാറും.

ഓഖി ഓര്‍മ

സുനാമി ദുരന്തത്തിന് ശേഷം മത്സ്യത്തൊഴിലാളിമേഖല കണ്ട അപ്രതീക്ഷിതമായ വലിയ ദുരന്തമായിരുന്നു 2017 നവംബർ 29ലെ ഓഖി ദുരന്തം. കേരളതീരം ഒരു സുരക്ഷിത തീരമാണ് എന്ന നമ്മുടെ ധാരണയെ തകിടംമറിച്ചുകൊണ്ടായിരുന്നു, തികച്ചും അപ്രതീക്ഷിതമായി ഗതിമാറി തീരത്തേക്ക് എത്തി നാശംവിതച്ച ഓഖി ചുഴലിക്കാറ്റ്.തീരത്തുനിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അപ്പുറത്തുള്ള ഉൾക്കടലിലായിരുന്നു ഓഖി കൊടുങ്കാറ്റിന്റെ പ്രഹരശേഷി കേന്ദ്രീകരിച്ചത്. ഇത് രക്ഷാപ്രവർത്തനത്തെ ഏറ്റവും ദുഷ്കരമാക്കി. സ്ഥാനത്ത് 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനാണ് ഓഖി ദുരന്തത്തിൽ കടലിൽ പൊലിഞ്ഞുപോയത്.

ഡിറ്റ്‌ വാ ചുഴലിക്കാറ്റ്; ഓഖി നൽകിയ ഓർമ്മപ്പെടുത്തൽ

'ഡിറ്റ്‌ വാ' ചുഴലിക്കാറ്റ് ശ്രീലങ്കയിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ 2017-ലെ ഓഖി ചുഴലിക്കാറ്റിൻ്റെ ഓർമ്മകൾ ഉണർത്തുകയാണ്. നവംബർ മാസത്തിൻ്റെ അവസാനത്തോടെയാണ് ഓഖിയും എത്തിച്ചേർന്നത്. ഓഖി ചുഴലിക്കാറ്റുകളിൽ നിന്ന് പഠിച്ച പാഠങ്ങളും ദുരന്തപ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഓഖി ഓര്‍മപ്പെടുത്തുന്നത്. ഓഖി ദുരന്തം കേരളതീരത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ന്യൂനമർദമായി ശ്രീലങ്കയിൽ കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ഓഖി, കേരള തീരത്തോട് അടുത്തപ്പോഴാണ് സംഹാര താണ്ഡവമാടിയത്.

നവംബർ 29/30 തീയതികളിലുണ്ടായ ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിലും കാണാതായവരിലും അധികവും മത്സ്യത്തൊഴിലാളികളായിരുന്നു. ആവശ്യമായ മുന്നറിയിപ്പുകൾ യഥാസമയം ലഭിക്കാതെ പോയതും ദുരന്തനിവാരണ സംവിധാനങ്ങളുടെ പരിമിതികളുമാണ് അന്ന് കനത്ത നാശങ്ങൾക്ക് കാരണമായത്. എത്രത്തോളം മുന്നൊരുക്കങ്ങൾ നടത്തുന്നുവോ അത്രത്തോളം നാശനഷ്ടങ്ങളും മരണങ്ങളും കുറയ്ക്കാൻ സാധിക്കുമെന്നാണ് ചുഴലിക്കാറ്റുകൾ നൽകുന്ന പ്രധാന പാഠം. ഓഖി ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഇത്തവണ തമിഴ്‌നാട്, ആന്ധ്ര, കേരളം, ലക്ഷദ്വീപ് തുടങ്ങിയ തീരപ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മത്സ്യബന്ധനം പൂർണ്ണമായി വിലക്കി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുക, ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കുക, രക്ഷാ സേനകളെ സജ്ജമാക്കി നിർത്തുക എന്നിവ അതിപ്രധാനമാണ്. ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ചുഴലിക്കാറ്റുകൾക്കെതിരായ പ്രതിരോധ നടപടികൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായത് ഒഡീഷയാണ്. മുന്നൊരുക്കങ്ങൾ, കൃത്യമായ ഒഴിപ്പിക്കൽ, ദുരന്ത നിവാരണ സേനയുടെ ഏകോപനം എന്നിവ വഴി വൻ നാശനഷ്ടങ്ങൾ ഒഡീഷക്ക് ഒഴിവാക്കാൻ സാധിച്ചു. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരേണ്ടതാണ്. കാലാവസ്ഥാ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയും ശ്രീലങ്കയും തമിഴ്‌നാടും കേരളവുമെല്ലാം അടിയന്തര ഘട്ടങ്ങളിലും ദുരന്തമുഖത്തും പരസ്പരം താങ്ങും തണലുമായി കൈകോർക്കേണ്ടത് അനിവാര്യമാണെന്നാണ് മുൻകാല അനുഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്