
ലുധിയാന: കാനഡയിൽ താമസിക്കുന്ന മകൾ അപകടത്തിൽ മരിച്ചെന്നാണ് കുടുംബത്തിന് ആദ്യം ലഭിച്ച വിവരം. എന്നാൽ അത് അപകട മരണമല്ല, കൊലപാതകമാണെന്ന് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് കുടുംബം. ഭർത്താവിന്‍റെ സഹോദരനാണ് കേസിലെ പ്രതി എന്ന വിവരം കൂടി ലഭിച്ചതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാനും മകൾക്ക് നീതി ലഭിക്കാനും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം.
കാനഡയിൽ താമസിക്കുന്ന ലുധിയാന സ്വദേശിയായ മൻദീപ് കൗർ (30) കാറപടത്തിൽ മരിച്ചു എന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ഒക്ടോബർ 26ന് ഡെൽറ്റയിൽ ഹൈവേ 17ലുണ്ടായ വാഹനാപകടത്തിൽ മകൾ മരിച്ചു എന്നാണ് ആദ്യം അറിയിച്ചതെന്ന് അച്ഛൻ ജഗ്‍ദീപ് സിങ് പറഞ്ഞു. മൻദീപിന്‍റെ ഭർത്താവിന്‍റെ സഹോദരൻ ഗുർജോത് സിങിനെ (24) പ്രതി ചേർത്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമെന്ന് അച്ഛൻ പറയുന്നു. നവംബർ 25നാണ് ഗുർജോതിനെ അറസ്റ്റ് ചെയ്തത്.
ആറ് വർഷം മുൻപാണ് ഉപരി പഠനത്തിനായി മൻദീപ് കാനഡയിലേക്ക് പോയത്. ഈ വർഷം മാർച്ച് 11നായിരുന്നു അൻമോൽ ജീത് സിങുമായുള്ള വിവാഹം. തുടർന്ന് ഇരുവരും കാനഡയിലാണ് താമസിച്ചിരുന്നത്. എങ്ങനെയാണ് കാറപകടം ഉണ്ടായതെന്നോ മൻദീപിന്‍റെ ഭർത്താവിന്‍റെ സഹോദൻ എങ്ങനെയാണ് പ്രതിയായതെന്നോ കുടുംബത്തിന് വ്യക്തമല്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റമാണ് ഭർത്താവിന്‍റെ സഹോദരനെതിരെ ആദ്യം ചുമത്തിയത്. പിന്നീടാണ് കൊലപാതക കുറ്റം കൂടി ചുമത്തിയത്.
മൻദീപിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്ത ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പുതിയ കേസിനെ കുറിച്ച് അച്ഛൻ അറിയുന്നത്. മൻദീപിൻ്റെ അമ്മ ജസ്വിന്ദർ കൗർ പറയുന്നത് മകൾ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയണമെന്നാണ്. മകൾക്ക് നീതി കിട്ടണമെന്നും അമ്മ ആവശ്യപ്പെട്ടു.