എച്ച്-1ബിക്ക് ശേഷം ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

Published : Jul 31, 2026, 08:52 AM IST
US OPT Program FEE

Synopsis

അമേരിക്കയിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ വൻ തുക ഫീസ് ചുമത്താൻ സർക്കാരിൻ്റെ ആലോചനയെന്ന് റിപ്പോർട്ട്. ദ വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒപിടി പ്രോഗ്രാമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാഷിങ്ടൺ: യുഎസിലെ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ചിറങ്ങി രാജ്യത്ത് തന്നെ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ഡോണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച ദ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഒരുലക്ഷം ഡോളർ ഫീസ് ചുമത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം കനത്ത തിരിച്ചടിയാകുന്ന നീക്കമാണിത്.

യുഎസിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികളെ തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിന് മേൽ ഫീസ് ചുമത്താനാണ് സർക്കാരിൻ്റെ ആലോചനയെന്നാണ് വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച ശുപാർശ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം യുഎസിൽ പഠിച്ചിറങ്ങുന്ന ഏതൊക്കെ വിദേശ വിദ്യാർത്ഥികളാണ് ഫീസിൻ്റെ പരിധിയിൽ വരുന്നതെന്ന കാര്യം അവ്യക്തമാണ്. പുതിയ നീക്കം സംബന്ധിച്ചു വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎസിൽ പഠിച്ചിറങ്ങി രാജ്യത്തുതന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകുന്നതാണ് സർക്കാരിൻ്റെ നീക്കം. 2024-25 കാലഘട്ടത്തിൽ യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ആ വർഷം ചൈനയെ പിന്തള്ളി, 3.63 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠനത്തിന് എൻറോൾ ചെയ്തതെന്നാണ് കണക്ക്. പഠിച്ചിറങ്ങുന്ന 40 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളും ഒപിടി പ്രോഗ്രാമിൻ്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഭരണകൂടത്തിൻ്റെ പുതിയ നീക്കം ഇന്ത്യൻ വിദ്യാർത്ഥികളെ വലിയ തോതിൽ ബാധിക്കും.

യുഎസ് യൂണിവേഴ്സിറ്റികളിൽനിന്ന് ബിരു​ദം പൂർത്തിയാക്കി ഇറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് വർക്ക് വിസയില്ലാതെ, ഒരുവർഷം രാജ്യത്ത് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന പ്രോ​ഗ്രാമാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി). സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് അഥവ സ്റ്റെം (STEM) മേഖലകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അധിക രണ്ട് വർഷം കൂടി തൊഴിൽ ചെയ്യാൻ ഒപിടി അനുവദിക്കുന്നുണ്ട്. നേരത്തെ, ഒപിടി പ്രോഗ്രാം നിർത്തലാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. വിദ്യാർത്ഥികൾ പ്രോഗ്രാം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഓവർസ്റ്റേയ്ക്ക് കാരണമാകുന്നുണ്ടെന്നുമായിരുന്നു ആരോപണം ഉയർന്നിരുന്നത്.

അതേസമയം അമേരിക്കയുടെ താൽക്കാലിക വർക്ക് വിസയായ എച്ച്-1ബി വിസയ്ക്ക് ഒരുലക്ഷം ഡോളർ ഫീസ് ചുമത്തിയതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിൻ്റെ ഇപ്പോഴത്തെ നീക്കം. അധികാരത്തിലേറിയ ആദ്യ വർഷം തന്നെയായിരുന്നു ട്രംപ് ഭരണകൂടം, 2000 ഡോളറിനും 5000 ഡോളറിനും ഇടയിൽ ഉണ്ടായിരുന്ന എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടിയത്. ഇത് എച്ച്-1ബി വിസ സ്വപ്നം കണ്ടിരുന്ന വിദേശ രാജ്യങ്ങളിലെ സ്കിൽഡ് പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയായിരുന്നു. നിലവിൽ ഫീസ് നടപ്പിലാക്കുന്നത് ഫെഡറൽ കോടതികൾ തടഞ്ഞിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം' എന്ന് ആവശ്യം; സ്പെയിനിലേക്ക് അതിർത്തി കടന്ന് ഇരച്ചെത്തി മൊറോക്കൻ അഭയാർത്ഥികൾ
ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ചരിത്രപരമായ കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്