
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ സൈനിക തിരിച്ചടി നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നടത്താനാണ് താൻ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. 'ന്യൂയോർക്ക് പോസ്റ്റിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഇറാന്റെ വധഭീഷണിയുള്ളവരുടെ പട്ടികയിൽ താൻ വളരെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടെന്നും എന്നാൽ നിലവിൽ ഉടനടി വധശ്രമം ഉണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
"ഞാൻ അവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ട് നാളുകളേറെയായി. അങ്ങനെയുള്ള ഒരു രാജ്യത്തെയാണ് നമ്മൾ നേരിടുന്നത്"- ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്തുചെയ്യണമെന്ന വ്യക്തമായ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ വധശ്രമ ഗൂഢാലോചനയെക്കുറിച്ച് ഇസ്രയേൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയെന്ന റിപ്പോർട്ട് ട്രംപ് തള്ളിക്കളഞ്ഞു. ഇസ്രയേൽ അത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, താൻ ഏറെ നാളായി ഇറാന്റെ ഒന്നാം നമ്പർ ശത്രുവാണെന്നും ജീവിതം അങ്ങനെയാണെന്നും പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ "നിങ്ങൾ എന്നെ മിസ്സ് ചെയ്യുമെന്ന് കരുതുന്നു" എന്ന് തമാശയായി ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷവും ഇറാൻ തന്നെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ഇറാൻ തന്നെ വധിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് അറിഞ്ഞാലും അത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2020-ൽ ബാഗ്ദാദിൽ വച്ച് ഇറാന്റെ പ്രമുഖ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഡ്രോൺ ആക്രമണത്തിന് ഉത്തരവിട്ടത് മുതൽ ഇറാൻ ട്രംപിനോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ഇതിനിടയിൽ അമേരിക്കയുമായി ചർച്ചകൾ തുടരാൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു. ചർച്ചകൾ തുടരാൻ താൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ഇറാനെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് കുറിച്ചു. വെടിനിർത്തൽ അവസാനിച്ചതോടെ മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam