
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക സാമ്പത്തിക വിലക്ക് ഏർപ്പെടുത്തി. ഇറാൻ ഭരണ നേതൃത്വത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇറാൻ - യുഎസ് സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്കുടെ പുതിയ നീക്കം.
ഐ ആർ ജി സിക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ രീതിയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അൻസാരി വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് യുഎസിന്‍റെ വാദം. യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തുന്ന ഇറാന്‍റെ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്‍റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എങ്കിലും ഇറാനുമായി ചർച്ചകൾ തുടരാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷ സാഹചര്യത്തിന് അയവ് വന്നെങ്കിലും അടുത്ത കാലത്ത് ഇരു രാജ്യങ്ങളും ഒരു സമാധാന കരാറിൽ എത്താൻ സാധ്യതയില്ല എന്നാണ് പുതിയ സംഭവ വികാസങ്ങൾ നൽകുന്ന സൂചന..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam