ഇന്ത്യക്ക് വൻ തിരിച്ചടി; H1 B വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് ട്രംപ്, 'അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി'

Published : Sep 20, 2025, 08:24 AM IST
Donald Trump

Synopsis

H1ബി വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി കുത്തനെ ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്.

വാഷിംഗ്ടൺ: H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്.

മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്ക് ആണ്. അതുകൊണ്ട് തന്നെ ഇതിൽ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യാക്കാർക്ക് തന്നെയാകും. 2020 മുതൽ 2023 കാലയളവിൽ ആകെ അനുവദിച്ച H1B വീസകളുടെ 73% ഇന്ത്യക്കാർ ആയിരുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം സിന്തറ്റിക് ഓപിയോയിഡ് വിഭാഗത്തിൽ പെട്ട ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യൻ വ്യവസായികളുടെയും കോർപ്പറേറ്റ് തലവൻമാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളിൽ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക തീരുമാനമെന്നാണ് ദില്ലിയിലെ അമേരിക്കൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചത്.

മാരക കെമിക്കൽ മയക്കുമരുന്നുകളുടെ ഉപയോഗം കുറക്കുക എന്നത് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. ഇത്തരക്കാർക്ക് ഭാവിയിൽ യു.എസിലേക്ക് പ്രവേശനം നിഷേധിക്കും. എന്നാൽ ആരുടെയെല്ലാം വിസയാണ് റദ്ദാക്കിയതെന്ന പേര് വിവരങ്ങൾ പുറത്ത് അമേരിക്ക വിട്ടിട്ടില്ല. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അനധികൃതമായി മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും യു.എസിലേക്ക് പ്രവേശനം നിഷേധിക്കുന്നതുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ്. എംബസി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം