
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ അവകാശവാദം. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമേൽ വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ഫോക്സ് ന്യൂസിനോടാണ് ട്രംപിൻ്റെ പ്രതികരണം.
"ഈ യുദ്ധത്തിൽ നമ്മൾ ഉടൻ ജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ജയിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ എണ്ണവില യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് താഴെ എത്തും"- ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തോടുള്ള ട്രംപിൻ്റെ പ്രതികരണം ഇങ്ങനെ: "അതിനെക്കുറിച്ച് ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആക്രമണത്തിന് സാധ്യതയുണ്ട്, പക്ഷേ ഇപ്പോൾ ഒന്നും പറയുന്നില്ല". ഇറാൻ ഒരിക്കലും ഒരു ആണവായുധം സ്വന്തമാക്കില്ല എന്നതാണ് ഏറ്റവും പ്രധാനമെന്നും ട്രംപ് പറഞ്ഞു.
സാമ്പത്തിക ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. "നമ്മൾ വലിയ വിജയമാണ് നേടുന്നത്. അവരുടെ സമ്പദ്‌വ്യവസ്ഥ നോക്കൂ, അത് തകർന്നു കഴിഞ്ഞു. അവർക്കിപ്പോൾ ഒരു സമ്പദ്‌വ്യവസ്ഥയേ ഇല്ല. അവരുടെ പണത്തിന് ഇപ്പോൾ യാതൊരു വിലയുമില്ല. അവിടെ പണപ്പെരുപ്പം 300 ശതമാനത്തിന് അടുത്താണ്. ഇന്ന് രാവിലെ ഞാൻ കേട്ടത് അത് 318 ശതമാനം ആയെന്നാണ്. അതായത് അവരുടെ പണവും സമ്പദ്‌വ്യവസ്ഥയും സൈന്യവുമെല്ലാം തകർന്നു. അവർ വലിയ പ്രതിസന്ധിയിലാണ്"- ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam