
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2025 ലെ വരുമാന കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാത്രം കുറഞ്ഞത് 19,200 കോടി രൂപയുടെ വരുമാനമാണ് ട്രംപ് സ്വന്തമാക്കിയത്. ഇതില്‍ സിംഹഭാഗവും വന്നത് ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ നിന്നാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. എന്നാല്‍, ട്രംപ് സമര്‍പ്പിച്ച 927 പേജുകളുള്ള രേഖകളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വിവരമാണ് ഇപ്പോള്‍ അമേരിക്കയ്ക്ക് പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ട്രംപിന്റെ ക്രിപ്‌റ്റോ ബിസിനസിന് പാകിസ്ഥാനുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന വിവരമാണത്. ഇത് ആഗോള രാഷ്ട്രീയത്തിലും വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്, പാകിസ്ഥാനുമായുള്ള ഈ ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്ന് ട്രംപ് യഥാര്‍ത്ഥത്തില്‍ എത്ര രൂപ സമ്പാദിച്ചു?
യുഎസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്സില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, ട്രംപിന്റെ പേരിലുള്ള ട്രസ്റ്റുകള്‍ വഴി ക്രിപ്‌റ്റോ കറന്‍സി സംരംഭങ്ങളില്‍ നിന്ന് മാത്രം അദ്ദേഹം നേടിയത് ഏകദേശം 13,440 കോടി രൂപയാണ്. തന്റെ ആദ്യ ടേമിൽ ക്രിപ്‌റ്റോ കറന്‍സികളെ രൂക്ഷമായി എതിര്‍ത്ത ആളായിരുന്നു ട്രംപ് എന്നത് ഓര്‍ക്കണം. എന്നാല്‍ വൈറ്റ് ഹൗസിലേക്ക് വീണ്ടുമെത്തിയതോടെ കളി മാറി. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ പലതും അദ്ദേഹം എടുത്തുമാറ്റിയെന്ന് മാത്രമല്ല, അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്‌റ്റോ തലസ്ഥാനം' ആക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് സഹസ്ഥാപകനായ ഈ ഡിസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് കമ്പനിയില്‍ നിന്നാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്. ഏകദേശം 7,670.4 കോടി രൂപയാണ് ഇതിലൂടെ ലഭിച്ച വരുമാനം. ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവരാണ് ഈ കമ്പനി നിയന്ത്രിക്കുന്നത്. ഈ കമ്പനി വഴിയാണ് പാകിസ്ഥാൻ കണക്ഷന്‍ ഉണ്ടാകുന്നത്.
പാകിസ്ഥാന്റെ ധനകാര്യ മന്ത്രാലയവും പാകിസ്താന്‍ വെര്‍ച്വല്‍ അസറ്റ്‌സ് റെഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ' ഒരു അനുബന്ധ സ്ഥാപനവുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ട്രംപിന്റെ കമ്പനിയുടെ ഡോളര്‍ അധിഷ്ഠിത സ്റ്റേബിള്‍കോയിന്‍ പാകിസ്ഥാന്റെ ഔദ്യോഗിക പേയ്മെന്റ് സംവിധാനവുമായി സംയോജിപ്പിക്കുന്നതാണിത്. കോടിക്കണക്കിന് ഡോളറിന്റെ വിദേശ ഇടപാടുകളും അതിര്‍ത്തി കടന്നുള്ള ഇടപാടുകളും എളുപ്പമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതോടെ പാകിസ്ഥാൻ ട്രംപിന്റെ ക്രിപ്‌റ്റോ ബിസിനസിന്റെ പ്രധാന വിപണിയായി മാറി.
ഈ കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, പാകിസ്താന്‍ ആര്‍മി ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവര്‍ പങ്കെടുത്തു. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മകനും വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ചീഫ് എക്സിക്യൂട്ടീവുമായ സക്കറി വിറ്റ്കോഫും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മുന്‍പ് ട്രംപിന്റെ കമ്പനിയില്‍ ഉപദേശകനായിരുന്ന, നിലവില്‍ പാകിസ്താന്റെ ക്രിപ്‌റ്റോ റെഗുലേറ്റര്‍ ചെയര്‍മാനുമായ ബ്രിട്ടീഷ്- പാകിസ്താനി വ്യവസായി ബിലാല്‍ ബിന്‍ സാഖിബാണ് ഈ കൂട്ടുകെട്ടിന് വഴിയൊരുക്കിയത്.
ഈ പുതിയ ബിസിനസ് ബന്ധം എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ ഒരു കാരണമുണ്ട്. 2017 മുതല്‍ 2021 വരെയുള്ള തന്റെ ആദ്യ ഭരണകാലത്ത് പാകിസ്താനെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരുന്നത്. പാകിസ്ഥാന്‍ അമേരിക്കയ്ക്ക് 'കള്ളവും ചതിയും' മാത്രമാണ് നല്‍കിയതെന്നായിരുന്നു അന്ന് ട്രംപിന്റെ ആരോപണം. അന്ന് പാകിസ്ഥാനുള്ള കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം ട്രംപ് നിര്‍ത്തലാക്കുകയും ഭീകരവാദത്തിനെതിരെയുള്ള ഇസ്ലാമാബാദിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി പാകിസ്താനോടുള്ള ട്രംപിന്റെ മനോഭാവം സൗമ്യമായി. പാക് ആര്‍മി ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഉള്‍പ്പെടെയുള്ള അവിടുത്തെ നേതാക്കളെ ട്രംപ് പുകഴ്ത്തുകയും സുരക്ഷാ-സാമ്പത്തിക സഹകരണങ്ങളെ പ്രശംസിക്കുകയും ചെയ്തു. നിലവില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നുമുണ്ട്.
അതേ സമയം, ബിസിനസ് ബന്ധങ്ങള്‍ അമേരിക്കയുടെ നയങ്ങളെ ബാധിക്കുമെന്ന തരത്തിലുള്ള ആരോപണങ്ങളെ വൈറ്റ് ഹൗസ് പൂര്‍ണമായും തള്ളി. ട്രംപിന്റെ ബിസിനസുകള്‍ അദ്ദേഹത്തിന്റെ മക്കള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റുകളുടെ കീഴിലാണെന്നും, എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും അമേരിക്കയുടെ ദേശീയ താല്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് എടുക്കുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിന് ക്രിപ്‌റ്റോയിലൂടെ കോടികളുടെ ലാഭമുണ്ടായെങ്കിലും സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ഈ ബിസിനസ് വലിയ തിരിച്ചടിയാണ് നല്‍കിയത്. കാരണം, രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ വേള്‍ഡ് ലിബര്‍ട്ടി ടോക്കണുകളുടെയും ട്രംപ് മെംകോയിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു. വിശ്വസിച്ച് പണം ഇറക്കിയ ചെറുകിട നിക്ഷേപകര്‍ക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ട്രംപിന്റെ പ്രസിഡന്‍സി കാലത്തെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക വെളിപ്പെടുത്തലായി ഇത് മാറിക്കഴിഞ്ഞു. വരുമാനത്തിന്റെ വലിപ്പം കൊണ്ട് മാത്രമല്ല, അമേരിക്കന്‍ വിദേശനയങ്ങളെപ്പോലും സ്വാധീനിക്കാന്‍ പോന്ന തരത്തില്‍ പാകിസ്താനെ ട്രംപിന്റെ കുടുംബ ബിസിനസിന്റെ കേന്ദ്രമാക്കി മാറ്റിയതിനാലാണ് ഈ രേഖകള്‍ ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam