
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഇറാൻ യുദ്ധത്തിൽ തനിക്കുള്ള എതിർപ്പ് പിതാവിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാൾഡ് ട്രംപ് ജൂനിയർ ശക്തമായി എതിർത്തിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം പിതാവായ ഡൊണാൾഡ് ട്രംപിനെ അദ്ദേഹം സ്വകാര്യമായി അറിയിക്കുകയുംചെയ്തു. എന്നാൽ, പിതാവുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവർ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വീണ്ടും ഒരു സൈനിക സംഘർഷത്തിൽ ഏർപ്പെടുന്നതിൽനിന്ന് അമേരിക്ക മാറിനിൽക്കണമെന്നതായിരുന്നു ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ നിലപാട്. വിദേശരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ഇടപെടലിനെ ഏറെക്കാലമായി എതിർത്തുവരുന്നയാളാണ് അദ്ദേഹം. ഇസ്രയേലുമായി ചേർന്ന് പിതാവ് ഡൊണാൾഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചപ്പോഴും ഡൊണാൾഡ് ട്രംപ് ജൂനിയർ തന്റെ എതിർപ്പ് അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ 2024-ൽ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്ക ഇനി പശ്ചിമേഷ്യയിൽ സൈനികനീക്കം നടത്തില്ലെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനത്തെ ശക്തമായി പിന്തുണച്ചിരുന്നയാളാണ് ഡൊണാൾഡ് ട്രംപ് ജൂനിയർ. അതേസമയം, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്റെ മാഗാ(MAGA- Make America Great Again) പ്രസ്ഥാനത്തിലും ഭിന്നതകൾ രൂക്ഷമാണെന്നാണ് റിപ്പോർട്ട്. വിദേശത്തെ സൈനിക ഇടപെടലുകൾ രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. എന്നാൽ, എതിരാളികൾക്കെതിരേ ശക്തമായ സൈനിക നീക്കം നടത്തണമെന്ന് വാദിക്കുന്നവരുമുണ്ട്. ഡൊണാൾഡ് ട്രംപ് ജൂനിയർ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയവർ വിദേശ ഇടപെടലുകളെ എതിർക്കുന്നവരാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്രയേലുമായി ചേർന്ന് ഇറാനെതിരേ ആരംഭിച്ച സൈനികനീക്കത്തെ ജെ ഡി വാൻസ് നേരത്തേ സ്വകാര്യമായി എതിർത്തിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam