
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച്, അമേരിക്കയ്ക്ക് എതിരായ കാനഡയുടെ പ്രതികാര നടപടികൾക്കും മറുപടിയായാണ് പുതിയ നീക്കം. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ തീരുവ ഒഴിവാക്കാൻ മറ്റൊരു രാജ്യത്തേക്ക് കയറ്റിയയച്ച ശേഷം ആ രാജ്യം വഴി അമേരിക്കയിലേക്ക് കൊണ്ടു വരുന്ന ഉത്പന്നങ്ങൾക്ക് 40% വരെ അധിക നികുതി ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 1ന് മുൻപായി യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാത്ത ഏത് രാജ്യത്തിനും വർദ്ധിച്ച തീരുവ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അവസാന തീയതിക്ക് മുൻപ് ട്രംപിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ചർച്ചകൾ നടന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കാർണി "ഒന്ന് മയപ്പെടുകയും പ്രതികാര നടപടികൾ ഒഴിവാക്കുകയും ചെയ്താൽ" ട്രംപ് തീരുവയിൽ പുനരാലോചന നടത്തിയേക്കാമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് സൂചിപ്പിച്ചു.