
വാഷിംഗ്ടൺ: മുൻ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് മുൻ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, 'എനിക്ക് എൻ്റെ മുൻ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന്' ട്രംപ് പ്രതികരിച്ചു.
എയർ ഫോഴ്സ് വണ്ണിൽ വെച്ച് അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് വഴങ്ങാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ അദ്ദേഹത്തെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ഹിലരി ക്ലിന്റൺ പറഞ്ഞത് ബെയർ ട്രംപിനെ ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായാണ് ട്രംപിൻ്റെ ഈ പ്രതികരണം. നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാനുള്ള ഹിലരി ക്ലിന്റൻ്റെ വാഗ്ദാനം ട്രംപിന് ഒരു മികച്ച നയതന്ത്രപരമായ വിജയം നേടാനുള്ള അവസരമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
'റേജിംഗ് മോഡറേറ്റ്സ്' എന്ന പോഡ്കാസ്റ്റിലാണ് ഹിലരി ക്ലിന്റൺ ഈ പ്രസ്താവന നടത്തിയത്. "സത്യസന്ധമായി പറഞ്ഞാൽ, ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ആക്രമണകാരിക്ക് ഒരു പ്രദേശവും വിട്ടുകൊടുക്കാതെ യുക്രൈനെ സംരക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചാൽ, പുടിനെതിരേ ശക്തമായി നിലകൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ഞാൻ ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് ശുപാർശ ചെയ്യും. അത് ഇതുവരെ നമ്മൾ കണ്ടിട്ടില്ല, പക്ഷേ ഇത് അതിനുള്ള അവസരമായിരിക്കാം." അഭിമുഖം നടത്തിയ ജെസ്സിക്ക ടാർലോവിനോട് ഹിലരി പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചപ്പോൾ സമാധാന കരാറിൽ ധാരണയായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam