
വാഷിംഗ്ടൺ: ഞാൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ മിസൈലാക്രമണത്തിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലുള്ള എല്ലാ അമേരിക്കൻ പട്ടാളക്കാരും സുരക്ഷിതരാണെന്നും മിലിട്ടറി ബേസിൽ നിസാരമായ നഷ്ടം ഉണ്ടായെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രേറ്റ് അമേരിക്കൻ ഫോഴ്സ് എന്തിനും സന്നദ്ധരാണ്. മുൻകരുതൽ സ്വീകരിച്ചതിനാൽ ആർക്കും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തില്ല. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുലൈമാനി തീവ്രവാദികൾക്ക് പരിശീലനം നൽകിയിരുന്ന ആളാണെന്ന് പറഞ്ഞ അദ്ദേഹം സുലൈമാനിയുടെ വധത്തിലൂടെ ലോകത്തിന് നൽകിയത് ശക്തമായ സന്ദേശമാണെന്നും പറഞ്ഞു.
ഇറാൻ ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ്. ഖാസിം സുലൈമാനി ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണെന്നും തന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചതെന്നും ട്രംപ്. സൈനിക തലവനെന്ന നിലയിൽ സുലൈമാനി പല ആക്രമണങ്ങൾക്കും മുഖ്യകാരണക്കാരനായിരുന്നു. അയാൾ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദികളെ പരിശീലിപ്പിച്ചു. സാധാരണക്കാർക്ക് നേരെ തീവ്രവാദികളെ വഴിതിരിച്ചുവിട്ടു. രക്തരൂഷിതമായ ആഭ്യന്തര കലാപങ്ങൾക്ക് അയാൾ തിരികൊളുത്തി.
ഈയിടെ അമേരിക്കയെ ലക്ഷ്യമാക്കി സുലൈമാനി പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. പക്ഷെ അത് പരാജയപ്പെടുത്താൻ സാധിച്ചു. സുലൈമാനിയുടെ കൈയ്യിൽ അമേരിക്കക്കാരന്റെയും ഇറാനിയന്റെയും രക്തം പുരണ്ടിട്ടുണ്ട്. അയാളെ നേരത്തെ തന്നെ ഇല്ലാതാക്കേണ്ടതായിരുന്നു. സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഭീകരവാദികൾക്ക് ശക്തമായ സന്ദേശമാണ് അമേരിക്ക നൽകുന്നത്. ആണവകരാറിലൂടെ നേടിയ പണം ഉപയോഗിച്ച് യെമനിലും സിറിയയിലും ലെബനിനിലും അവർ നരകങ്ങൾ സൃഷ്ടിച്ചു. ഇറാനിൽ അങ്ങോളമിങ്ങോളം നടന്ന ആഭ്യന്തര പ്രതിഷേധങ്ങളിൽ പങ്കെടുത്ത 1500 ഓളം പേരെ കൊലപ്പെടുത്തിയെന്ന് ട്രംപ് കുറ്റപ്പെടുത്തി.
നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും . ഇറാൻ ആണവ പദ്ധതികൾ പൂർണമായും ഒഴിവാക്കണം. തീവ്രവാദികൾക്കുള്ള പിന്തുണ പിൻവലിക്കണം . ബ്രിട്ടനും ജർമ്മനിയും ഫ്രാൻസും റഷ്യയും ചൈനയും സാഹചര്യം മനസ്സിലാക്കണം. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് ഈ രാജ്യങ്ങൾ പിന്മാറണം. ലോകത്തെ കൂടുതൽ സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഇടമാക്കുന്നതിനുള്ള കരാർ ഇറാനുമായി ഒപ്പുവയ്ക്കാൻ ഈ രാഷ്ട്രങ്ങൾ തയ്യാറാകണം. അത്യാധുനിക ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. എന്നാൽ ഇവയൊന്നും പ്രയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam