മിസൈലാക്രമണം 'അമേരിക്കയുടെ മുഖമടച്ചുള്ള അടി'യെന്ന് ഖമനേയി, 'ഓൾ ഈസ് വെൽ' എന്ന് ട്രംപ്

By Web TeamFirst Published Jan 8, 2020, 5:46 PM IST
Highlights

ഇനിയും ആക്രമണം തുടരുമെന്ന സൂചനയാണ് ഇറാന്‍റെ പരമാധികാരിയായ ആയത്തൊള്ള അലി ഖമനേയി നൽകുന്നത്. ഖമനേയിയുടെ പ്രസംഗം കേൾക്കവേ അനുയായികൾ 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യം ആവർത്തിച്ച് മുഴക്കി. 

ടെഹ്റാൻ: അമേരിക്കയെന്ന ശത്രുവിന് ഇറാൻ നൽകിയ മുഖമടച്ചുള്ള അടിയാണ് ഇറാഖിലെ സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള സൈനിക വിമാനത്താവളങ്ങളിലെ ആക്രമണങ്ങളെന്ന് ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയി. ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളങ്ങൾക്ക് മേൽ പതിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രതികാരം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്‍റെ സൂചനയാണെന്നും ഖമനേയി മുന്നറിയിപ്പ് നൽകി.

ഇറാനിലെ ഉന്നത സൈനിക നേതാക്കളിൽ ഒരാളായ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നടപടിക്ക് 'കനത്ത പ്രതികാരം' തന്നെ ഉണ്ടാകുമെന്നാണ് അലി ഖമനേയി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇറാഖിലെ ഈ ആക്രമണം മതിയാകില്ല, ഇനിയും ആക്രമണങ്ങൾ നടക്കാനുണ്ടെന്നാണ് ഖമനേയി വ്യക്തമാക്കുന്നത്.

Read more at: ഇറാൻ മിസൈലുകൾ ഇറാഖ് വിമാനത്താവളത്തിൽ പതിച്ച ദൃശ്യങ്ങൾ - വീഡിയോ

''ഇന്നലെ രാത്രി നമ്മളവരുടെ മുഖമടച്ച് ഒരടി കൊടുത്തു. യഥാർത്ഥത്തിൽ പ്രതികാരനടപടികളിൽ, ഇത്തരം സൈനിക നീക്കങ്ങൾ പോര. അനധികൃതമായി നമ്മുടെ ഇടങ്ങളിൽ കടന്നു കയറിയ അമേരിക്ക കുടിയൊഴിഞ്ഞ് പോകണം. അതിന് തക്ക ആക്രമണങ്ങളുണ്ടാകണം'', ഖമനേയി പറഞ്ഞു. 

ഖമനേയിയുടെ പ്രസംഗം കേൾക്കവേ അനുയായികൾ 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യം ആവർത്തിച്ച് മുഴക്കി. സൊലേമാനിയെ അനുസ്മരിക്കവേ, വികാരനിർഭരമായാണ് ഖമനേയി സംസാരിച്ചത്. ''ധീരനായ, മഹാനായ യോദ്ധാവായിരുന്നു സൊലേമാനി, നമ്മുടെയെല്ലാം സുഹൃത്ത്'', എന്ന് ഖമനേയി പറ‍യുന്നു.

ലെബനനിലെ ഇറാൻ അനുകൂല തീവ്രസംഘടനയായ ഹിസ്ബുള്ളയെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് ഇസ്രായേലിനെ സഹായിക്കാനാണെന്നും ഖമനേയി ആരോപിച്ചു. 

'80 അമേരിക്കൻ തീവ്രവാദികളെ വധിച്ചു' എന്നാണ് ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ ഇറാഖിലെ രണ്ട് സൈനിക വിമാനത്താവളങ്ങൾ മിസൈൽ വർഷിച്ച് തകർത്ത ശേഷം ആരോപിച്ചത്. 15 മിസൈലുകളാണ് തൊടുത്തതെന്നും, എല്ലാം ലക്ഷ്യം തെറ്റാതെ കൃത്യം സ്ഥാനത്ത് പതിച്ചെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

Read more at: മിസൈല്‍ ആക്രമണം; 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍

അമേരിക്കൻ ഹെലികോപ്റ്ററുകളും, മിലിട്ടറി ഉപകരണങ്ങളും തകർന്ന് തരിപ്പണമായതായും, ഇനി ഇതിന് അമേരിക്ക തിരിച്ചടിച്ചാൽ അമേരിക്ക താവളമുറപ്പിച്ചിരിക്കുന്ന നൂറ് കേന്ദ്രങ്ങളെയാണ് ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് ഉന്നമിട്ട് വച്ചിരിക്കുന്നതെന്നും, ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

ഇറാഖിലുണ്ടായിരുന്ന ഇറാൻ പൗരസേനയുടെ ആറ് സൈനികരെ വധിച്ച് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ട്രംപ് മുന്നറിയിപ്പ് നൽകിയത് ഇറാന്‍റെ 52 സാംസ്കാരികകേന്ദ്രങ്ങളിൽ കണ്ണ് വച്ചിട്ടുണ്ടെന്നും, തിരിച്ചടിച്ചാൽ ഉടൻ ആക്രമണം നടത്തുമെന്നുമുള്ള ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയാണ് ഇറാന്‍റേത്. 

'ഓൾ ഈസ് വെൽ' എന്ന് ട്രംപ്

അതേസമയം, ഡോണൾഡ് ട്രംപ് പറയുന്നത് ഓൾ ഈസ് വെൽ (എല്ലാം നല്ലത്) എന്നാണ്. 'സോ ഫാർ സോ ഗുഡ്' (ഇതുവരെ എല്ലാം ശരിയാണ്) എന്നും. 

ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ സൈനികർ കൊല്ലപ്പെട്ടതായി വിവരമില്ല എന്ന് തന്നെയാണ് പെന്‍റഗണിന്‍റെ വിശദീകരണം. എന്നാൽ, യുദ്ധത്തിന് തയ്യാറാണെന്ന് ആവർത്തിച്ച് അമേരിക്ക പറയുകയും ചെയ്യുന്നു. പ്രകോപനം തുടർച്ചയായി തുടരുന്നു.

പെന്‍റഗണിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ''എന്താണ് ആക്രമണം ഉണ്ടാക്കിയ പ്രത്യാഘാതം എന്നതിനെക്കുറിച്ച് പഠിച്ച് വരുന്നതേയുള്ളൂ'' എന്നാണ്. ഇറാൻ ഒരു ഡസൻ ബാലിസ്റ്റിക് മിസൈലുകളാണ്, അമേരിക്കൻ സൈന്യത്തിനും സഖ്യസേനയ്ക്കുമെതിരെ പ്രയോഗിച്ചതെന്ന കാര്യം പക്ഷേ പെന്‍റഗൺ വാർത്താക്കുറിപ്പിലും സ്ഥിരീകരിച്ചിട്ടുണ്ട്.

''എന്താണ് സ്ഥിതിഗതികൾ എന്ന് വിലയിരുത്തി വരികയാണ്. അമേരിക്കൻ സൈനികോദ്യോഗസ്ഥരെയും, പങ്കാളികളെയും സഖ്യസേനയിലെ ഉദ്യോഗസ്ഥരെയും മേഖലയിലെ സഖ്യകക്ഷികളെയും എല്ലാം സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും. ഇപ്പോൾ ആക്രമണം നടന്ന മേഖലയിൽ ആക്രമണം ഉണ്ടാകുമെന്ന് ഞ‌ങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്'', എന്നും പെന്‍റഗൺ പ്രസ് സെക്രട്ടറി അലിസ ഫറാ വ്യക്തമാക്കുന്നു. 

Read more at: അമേരിക്കയോട് ഒരു യുദ്ധത്തിന് ഇറാന്‍ എത്ര തയ്യാറാണ്? നേരിട്ടുള്ള ഏറ്റുമുട്ടലില്‍ എന്ത് സംഭവിക്കാം?

Read more at: അമേരിക്കയ്ക്ക് നേരെ ഇറാന്‍ ആക്രമണം: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഏഷ്യന്‍ വിപണികളില്‍ സമ്മര്‍ദ്ദം

Read more at: യുദ്ധഭീതിയില്‍ അറേബ്യ: ക്രൂഡോയില്‍ വില കുതിച്ചു കയറി, ഇന്ത്യയിലും ഇന്ധനവില കൂടി

 

click me!