
വാഷിങ്ടൺ: ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്) വൈറ്റ് ഹൗസിൽ നടക്കും. പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങൾക്കും എതിരെ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.
പ്രഖ്യാപന ചടങ്ങിന് 'മെയ്ക്ക് അമേരിക്ക വെൽത്തി എഗെയ്ൻ' എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കക്ക് ലഭിക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള എല്ലാ തീരുവകളും പിൻവലിക്കുമെന്ന് അറിയിച്ചു. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയുമായ അമേരിക്കയെ പിന്തുണക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, സാമ്പത്തിക-വ്യവസായ മന്ത്രി എം.കെ. നിർ ബർക്കത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, താരിഫുകൾ വരുന്നതിൽ അമേരിക്കയിൽ മാത്രമല്ല ആഗോളതലത്തിൽ നിക്ഷേപകരും വ്യവസായികളും ആശങ്കയിലാണ്. ട്രംപ് സാർവത്രികമായി 20% താരിഫ് ഏർപ്പെടുത്തിയാൽ 5.5 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ 7% ആയി ഉയർരുമെന്നും യുഎസ് ജിഡിപി 1.7% കുറയുമെന്നും മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ, ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാൻഡിയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ നികുതി ചുമത്തലിനെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തിരിച്ചടി നൽകുമെന്ന് പറഞ്ഞിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങളും അമേരിക്കൻ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. താരിഫ് ഒഴിവാക്കാനുള്ള പ്രതീക്ഷയിൽ യുഎസുമായി ചർച്ച തുടരുമെന്നാണ് ഇന്ത്യൻ സർക്കാറിന്റെ നയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam